പീഡന പരാതി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടില്ല; പരാതിയുണ്ടെങ്കില്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്ന് ഷാഫി പറമ്പില്‍

പീഡന പരാതി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടില്ല; പരാതിയുണ്ടെങ്കില്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്ന് ഷാഫി പറമ്പില്‍
Published on

യൂത്ത് കോണ്‍ഗ്രസ് നേതാവ് വനിതാ നേതാവിനെ പീഡിപ്പിച്ചുവെന്ന തരത്തില്‍ ഒരു പരാതി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍. അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിക്ക് യുവതി നല്‍കിയ പരാതിയില്‍ പീഡന ശ്രമത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍.

സംഘടനയിലെ ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് യുവതി പരാതിപ്പെട്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അത്തരത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ യൂത്ത് കോണ്‍ഗ്രസ് എല്ലാ പിന്തുണയും യുവതിക്ക് നല്‍കുമെന്നും ഷാഫി പറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബുധനാഴ്ച സംസ്ഥാന കമ്മിറ്റിക്ക് തന്ന കത്തില്‍ യുവതി പറയുന്നത് ഞാന്‍ പറയാത്തതും ഉദ്ദേശിക്കാത്തതുമായ കാര്യങ്ങളാണ് വാര്‍ത്തയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത് എന്നാണ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യം കൂടി അവര്‍ ആ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ സംഘടനയ്ക്ക് അകത്ത് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഷാഫി പറമ്പില്‍.

ഷാഫി പറമ്പില്‍ പറഞ്ഞത്

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ല. അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി പറയുന്നത്, അവര്‍ക്ക് ലഭിച്ച പരാതിയില്‍ ഇത്തരത്തില്‍ ഒരു പീഡന ശ്രമത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല എന്നാണ്. ഈ പരാതിക്കാരിക്ക് പൊലീസിനെ സമീപിക്കുന്നതിലോ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് മുന്നിലോ മറ്റേതെങ്കിലും ഘടകത്തിന് മുന്നിലോ അങ്ങനെയൊരു പരാതിയുണ്ടെങ്കില്‍ ഇന്നലെയോ, ഇന്നോ, മിനിഞ്ഞാന്നോ ഇനി നാളെയോ പറയുന്നതിന് ഞങ്ങളാരും ഒരു തരത്തിലുള്ള തടസവും സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

അത്തരമൊരു പരാതിയുണ്ടെങ്കില്‍ അത് പൊലീസിനെ ഏല്‍പ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഉറപ്പ് തരുന്നു. അവര്‍ ഉന്നയിച്ച പരാതി പീഡന ശ്രമത്തിന്റെയല്ല എന്നും അത് അവിടെ നടന്ന സംഘടനാപരമായ അച്ചടക്ക ലംഘനത്തിന്റെയാണെന്നും അതിന്റെ പേരില്‍ അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അയാളെ യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായിട്ടും പറയുന്നുണ്ട്.

ആ സഹോദരിക്ക് ഇനി എപ്പോഴെങ്കിലും ആ പരാതി സത്യമായിരുന്നുവെന്ന് തോന്നുകയാണെങ്കില്‍, അല്ലെങ്കില്‍ പറയുമ്പോള്‍ അവര്‍ക്ക് മുഴുവന്‍ നിയമസഹായവും നല്‍കും. സംഘടനയ്ക്ക് അകത്ത് നിന്ന് പ്രവര്‍ത്തിക്കാനുള്ള എല്ലാ ബാക്കപ്പും കൊടുക്കും. ഇന്നലെ സംസ്ഥാന കമ്മിറ്റിക്ക് തന്ന കത്തില്‍ അവര്‍ പറയുന്നത് ഞാന്‍ പറയാത്തതും ഉദ്ദേശിക്കാത്തതുമായ കാര്യങ്ങളാണ് വാര്‍ത്തയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത് എന്നാണ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യം കൂടി അവര്‍ ആ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ സംഘടനയ്ക്ക് അകത്ത് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in