ഐസിസി 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയില്ലെന്നത് കൊണ്ട് ലൈം​ഗികാതിക്രമ പരാതി തള്ളിക്കള്ളയനാവില്ല: ഡൽഹി ഹൈക്കോടതി

ഐസിസി 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയില്ലെന്നത് കൊണ്ട് ലൈം​ഗികാതിക്രമ പരാതി തള്ളിക്കള്ളയനാവില്ല: ഡൽഹി ഹൈക്കോടതി
Published on

ആഭ്യന്തര പരാതി കമ്മിറ്റി 90 ദിവസത്തെ സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ ലൈംഗികാതിക്രമവും അന്വേഷണ നടപടികളുമായി ബന്ധപ്പെട്ട പരാതികൾ റദ്ദാക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. തൊഴിൽ സ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം (തടയൽ,നിരോധനം, പരിഹരിക്കൽ) നിയമത്തിലെ സെക്ഷൻ 11(4) പ്രകാരമുള്ള അന്വേഷണം പൂർത്തിയാക്കാനുള്ള 90 ദിവസത്തെ കാലാവധി നിർബന്ധമായ ഒന്നാണെന്ന് പറയാൻ കഴിയില്ല എന്ന് നിരീക്ഷിച്ച കോടതി, ഈ സമയപരിധി അന്വേഷണം അവസാനിപ്പിക്കാനുള്ള ഒരു ടെർമിനൽ പോയിൻ്റ് ആയി കണക്കാക്കാൻ കഴിയില്ല എന്നും ഡൽഹി ഹെെക്കോടതി പറഞ്ഞു. വിനയ് കുമാർ റായിയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിലെ ത്രിപുര ഹൈക്കോടതിയുടെ വിധി പരാമർശിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് വികാസ് മഹാജന്റെ പ്രതികരണം.

പോഷ് ആക്ട് പ്രകാരം പരാതിക്കാരി നൽകിയ രണ്ടാമത്തെ പരാതിയെ ചോദ്യം ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റിന് ഇടക്കാല ആശ്വാസം നിഷേധിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ലൈംഗിക പീഡന ആരോപണങ്ങൾ അടങ്ങിയ പരാതികൾ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും പരിഗണിക്കേണ്ടതാണെന്നും പരാതിക്കാരൻ്റെയും, ലൈംഗികാരോപണ വിധേയനായ വ്യക്തിയുടെയും താൽപര്യങ്ങളെ മാനിച്ചുകൊണ്ട് യുക്തി സഹജമായ നിഗമനത്തിൽ എത്തേണ്ടതുമാണ് എന്ന് ജസ്റ്റീസ് വികാസ് മഹാജൻ പറഞ്ഞു.

2022 ഒക്ടോബർ 12-ന് സമർപ്പിച്ച രണ്ടാമത്തെ പരാതി, 2022 ജൂൺ 3-ലെ പ്രാഥമിക പരാതിയുടെ വിഷയമായിരുന്ന അതേ സംഭവവുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തെ പരാതിയിൽ ജനുവരി ആറിന് വാദം കേൾക്കുന്നത് സംബന്ധിച്ച് തനിക്ക് ലഭിച്ച നോട്ടീസിനെയും ഇയാൾ ചോദ്യം ചെയ്തിരുന്നു.

ഒരേ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് നടപടികൾ നിയമപരമായി അനുവദനീയമല്ലെന്നും ഒരേ നടപടിയുടെ പേരിൽ രണ്ട് അന്വേഷണങ്ങൾ ആരംഭിച്ച് രണ്ട് തവണ ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആയ തൻ്റെ കക്ഷിയെ വിഷമിപ്പിക്കാൻ കഴിയില്ലെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. സെക്ഷൻ 11(4) പ്രകാരം പ്രാഥമിക പരാതിയുടെ തീയതി മുതൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും അതിനാൽ ഐസിസിയുടെ മുഴുവൻ നടപടികളും തകിടം മറിഞ്ഞുവെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ മറുവശത്ത്, 2022 സെപ്തംബർ 24 ന് ഒരു പ്രാഥമിക ഹിയറിങ് നടത്തി, അതിൽ അനുരഞ്ജനത്തിനുള്ള ശ്രമം നടന്നതായി പ്രതിഭാഗം സമർപ്പിക്കുകയും രണ്ട് പരാതികളിലെയും ഉള്ളടക്കം ഒരുപോലെയാണെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു.

പ്രാഥമിക പരാതി, പ്രാഥമിക വാദം കേൾക്കൽ, നടത്താൻ നിർദ്ദേശിച്ച അന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട് ഐസിസി ആരംഭിച്ച അന്വേഷണം ഒരേ അന്വേഷണത്തിന്റെ ഭാഗമാണെന്ന പ്രതികളുടെ വാദത്തിൽ കോടതി പ്രഥമദൃഷ്ട്യാ ശക്തമാണെന്ന് കണ്ടെത്തിയ കോടതി, ഹർജിക്കാരനെ രണ്ട് വ്യത്യസ്ത അന്വേഷണങ്ങൾക്ക് വിധേയനാക്കേണ്ടതില്ലെന്നും പറഞ്ഞു. 90 ദിവസത്തിനകം അന്വേഷണ നടപടികൾ പൂർത്തിയാക്കാത്തതിനാൽ അത് അട്ടിമറിക്കപ്പെടുമെന്ന ഹർജിക്കാരന്റെ വാദവും കോടതി തള്ളി. കാലതാമസം കാരണം തനിക്ക് എന്തെങ്കിലും മുൻവിധി ഉണ്ടായതായി ചൂണ്ടിക്കാണിക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് മഹാജൻ നിരീക്ഷിച്ചു. ഹർജിക്കാരന് അനുകൂലമായി ഇടക്കാലാശ്വാസം അനുവദിക്കുന്നതിന് പ്രഥമദൃഷ്ട്യാ കേസൊന്നും കണ്ടെത്തിയില്ല, വിഷയത്തിൽ നാലാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി പ്രതികളോട് നിർദേശിക്കുകയും മാർച്ച് 28 ന് വാദം കേൾക്കാൻ മാറ്റി വെയ്ക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in