‘3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം’; വെളിപ്പെട്ടത് കടുത്ത വരള്‍ച്ചയില്‍ വറ്റിവരണ്ട ജലസംഭരണിയില്‍
കടുത്ത വരള്‍ച്ചയില്‍ ജലസംഭരണി വറ്റിവരണ്ടപ്പോള്‍ പുറത്തുവന്നത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. ഇറാഖിലെ കുര്‍ദിസ്ഥാനിലാണ് സംഭവം. ടൈഗ്രിസ് നദിയുടെ തീരത്തുള്ള മൊസൂള്‍ ഡാം റിസര്‍വോയറിലാണ് കൊട്ടാരത്തിന്റെ മാതൃക പുറത്തുവന്നത്. മിട്ടാനി ഭരണത്തിന്റെ ശേഷിപ്പാണ് ഇതെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കുന്നു. ഏറ്റവും കുറവ് വിവരങ്ങളുള്ളത് ഈ ഭരണത്തെക്കുറിച്ചാണെന്നും ഇപ്പോഴത്തെ കണ്ടെത്തല്‍ സുപ്രധാനമാണെന്നും കുര്‍ദിഷ് - ജര്‍മന്‍ പുരാവസ്തു ഗവേഷകര്‍ അറിയിച്ചു. ടൈഗ്രിസ് നദിയില്‍ നിന്ന് കേവലം 65 അടി മാത്രം മാറിയാണ് കൊട്ടാരം സ്ഥിതി ചെയ്തത്.
കെട്ടിടത്തെ താങ്ങിനിര്‍ത്താന്‍ മണ്‍കട്ടകള്‍കൊണ്ടുള്ള പ്രത്യേക ചുമര്‍ തീര്‍ത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍മേല്‍ പലവിധ കൊത്തുപണികളുമുണ്ട്. കൊട്ടാരം കെമൂനെ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും രണ്ട് മീറ്റര്‍ കനത്തിലാണ് മണ്‍കട്ടകള്‍ കൊണ്ട് ചുവരുകള്‍ തീര്‍ത്തിരുന്നതെന്നും ഗവഷകരായ ഇവാന പുല്‍ജിസ്, ഹസന്‍ അഹമ്മദ് എന്നിവര്‍ പറഞ്ഞു. രണ്ടുമീറ്ററിലധികം ഉയരുമുള്ളതാണ് മിക്ക ചുവരുകളും. ചുവപ്പിലും നീലയിലുമുള്ള ചുവര്‍ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇത് അക്കാലത്തെ കൊട്ടാരങ്ങളില്‍ കാണപ്പെടുന്നതാണെങ്കിലും അപൂര്‍വമായി മാത്രമാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. മിട്ടാനി ഭരണത്തിലെ ചുവര്‍ ചിത്രങ്ങള്‍ ലഭ്യമായത് നിര്‍ണ്ണായക നേട്ടമാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തി. ചില എഴുത്തുകളും അതിനുപയോഗിച്ച വസ്തുക്കളും ഗവേഷകര്‍ ശേഖരിച്ചിട്ടുണ്ട്. എഴുത്തുകളില്‍ നിന്ന് അന്നത്തെ ഭരണസംവിധാനത്തിന്റെ ഘടനയെയും സമ്പദ് വ്യവസ്ഥയെയും കുറിച്ച് വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 2010 ല്‍ റിസര്‍വോയറില്‍ വെള്ളം വറ്റിയപ്പോള്‍ കൊട്ടാരത്തിന്റെ ചില ഭാഗങ്ങള്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ ഇക്കുറിയാണ് വിപുലമായ രീതിയില്‍ വെളിപ്പെടുന്നത്.