കാര്‍ മാറി, എന്തുകൊണ്ട് വിലങ്ങില്ല, പിന്‍തുടര്‍ന്ന മാധ്യമങ്ങളെ തടഞ്ഞതെന്തിന് ; വികാസ് ദുബെ കൊലയില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാര്‍ മാറി, എന്തുകൊണ്ട് വിലങ്ങില്ല, പിന്‍തുടര്‍ന്ന മാധ്യമങ്ങളെ തടഞ്ഞതെന്തിന്  ; വികാസ് ദുബെ കൊലയില്‍ ഉയരുന്ന ചോദ്യങ്ങള്‍
Published on

യുപിയില്‍ 8 പൊലീസുകാരെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ കൊടുംകുറ്റവാളി വികാസ് ദുബെയെ ഏറ്റുമുട്ടലില്‍ വകവരുത്തിയെന്ന് പൊലീസ് പറയുമ്പോള്‍, ഉയരുന്നത് നിരവധി ചോദ്യങ്ങള്‍. വ്യാഴാഴ്ച മധ്യപ്രദേശിലെ ഉജ്ജയിന്‍ ക്ഷേത്രപരിസരത്തുനിന്നാണ് ദുബെയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ടാസ്‌ക്‌ ഫോഴ്‌സാണ് ഇദ്ദേഹത്തെ യുപിയിലേക്ക് എത്തിക്കുന്നത്. യാത്രാ മധ്യേ വെള്ളിയാഴ്ച പുലര്‍ച്ചെ വാഹനം കാണ്‍പൂരിന് 30 കിലോമീറ്റര്‍ അകലെ വെച്ച് മറിഞ്ഞെന്ന് പൊലീസ് പറയുന്നു. ആകെയുള്ള മൂന്ന് വാഹനങ്ങളില്‍, ദുബെ ഉണ്ടായിരുന്നത് മറിഞ്ഞെന്നാണ് പൊലീസ് വിശദീകരണം. ഇതോടെ അപകടത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന്റെ തോക്ക് ഇയാള്‍ കൈക്കലാക്കിയെന്നും കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിറയൊഴിച്ചെന്നും ഇതേ തുടര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് വാദം .വെടിയേറ്റ ദുബെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കുണ്ടെന്നും പറയുന്നു. എന്നാല്‍ പൊലീസിന്റെ ഈ വിശദീകരണങ്ങളില്‍ നിറയെ പൊരുത്തക്കേടുകളുണ്ട്.

കാര്‍ മാറി, എന്തുകൊണ്ട് വിലങ്ങില്ല, പിന്‍തുടര്‍ന്ന മാധ്യമങ്ങളെ തടഞ്ഞതെന്തിന്  ; വികാസ് ദുബെ കൊലയില്‍ ഉയരുന്ന ചോദ്യങ്ങള്‍
അറസ്റ്റിലായ വികാസ് ദുബൈയെ വെടിവെച്ചുകൊന്നു ; രക്ഷപ്പെടാന്‍ ശ്രമിക്കവെയെന്ന് യുപി പൊലീസ്

കാര്‍ മാറിയതെങ്ങനെ ?

ടോള്‍ പ്ലാസയിലെ സിസിടിവിയില്‍ 4 മണിക്ക് പതിഞ്ഞ ദൃശ്യങ്ങളില്‍ ദുബെ ഉള്ളത് മറ്റൊരു വാഹനത്തിലാണ്. മറിഞ്ഞ കാറിലല്ല. ദുബെയുടെ കാര്‍ മാറ്റം എന്തിനായിരുന്നുവെന്ന് പൊലീസ് ഇനിയും വിശദീകരിച്ചിട്ടില്ല.

എന്തുകൊണ്ട് വിലങ്ങണിയിച്ചില്ല ?

വികാസ് ദുബെ 60 കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട കുറ്റവാളിയായിട്ടും എന്തുകൊണ്ട് വിലങ്ങണിയിച്ചില്ല. പൊലീസ് പറയുന്നത് കാര്‍ മറിഞ്ഞപ്പോള്‍ വികാസ് ദുബെ തോക്ക് പിടിച്ചെടുത്ത് പുറത്തുചാടി നിറയൊഴിച്ചെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെന്നുമാണ്.

അപകടമുണ്ടായത് എങ്ങനെ ?

കാര്‍ മറിഞ്ഞുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് റോഡരികില്‍ ബാരിയറില്ല. വശത്തേക്കുള്ള വഴിയിലേക്കുള്ള പ്രവേശനമാണ്. എങ്ങനെയാണ് അപകടമുണ്ടായത് എന്നതിന് വ്യക്തമായ വിശദീകരണം പൊലീസ് നല്‍കുന്നില്ല.

മാധ്യമസംഘത്തെ തടഞ്ഞത് എന്തിന് ?

ദുബെയെ കൊണ്ടുപോകുന്ന വാഹനത്തെ പിന്‍തുടര്‍ന്നിരുന്ന മാധ്യമ സംഘത്തെ അപകടം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തിന് രണ്ട് കിലോമീറ്റര്‍ അകലെ തടയുകയായിരുന്നു.

അപകടശബ്ദം എന്തുകൊണ്ട് കേട്ടില്ല ?

വെടിയൊച്ച കേട്ടെന്ന് സമീപങ്ങളിലുള്ളവര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കാര്‍ മറിഞ്ഞ ശബ്ദം അവര്‍ കേട്ടിട്ടുമില്ല. അപകടശബ്ദം കേള്‍ക്കാതിരുന്നത് എന്തുകൊണ്ട് ?. വെടിയൊച്ച കേട്ടെത്തിയവരോട് ഉടന്‍ സ്ഥലം കാലിയാക്കാനാണ് പൊലീസ് സംഘം നിര്‍ദേശിച്ചതെന്ന് അവര്‍ പറയുന്നുണ്ട്.

സ്വന്തം കാറില്‍ മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ട ദുബെ ഉജ്ജയിന്‍ ക്ഷേത്രത്തിലെത്തുകയായിരുന്നു. ഇവിടെ 250 രൂപയുടെ പ്രത്യേക ടിക്കറ്റ് എടുത്തു, പൂജയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ കടക്കാരന്‍ ദുബെയെ തിരിച്ചറിഞ്ഞ് പരിസരത്തുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം ക്ഷേത്ര പരിസരത്തെത്തി. ദര്‍ശനം കഴിഞ്ഞ് പുറത്തെത്തുമ്പോള്‍ പിടികൂടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാണ്‍പൂരില്‍ ഡിവൈഎസ്പി ഉള്‍പ്പെടെ 8 പൊലീസുകാരെ കൊലപ്പെടുത്തിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. അതേസമയം ഏറ്റുമുട്ടല്‍ കൊലകള്‍ വര്‍ധിക്കുന്നുവെന്നത് ചൂണ്ടിക്കാട്ടി ദുബെയ്ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കഴിഞ്ഞ രാത്രി ഒരു ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിരുന്നതുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in