കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദും രംഗത്ത്. ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കാന്‍ ടിക്കറ്റ് കിട്ടിയാല്‍ നേതാക്കള്‍ ആദ്യം ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യുകയാണ്. വഴിയിലിറങ്ങി നടക്കാന്‍ പോലും പലര്‍ക്കും ബുദ്ധിമുട്ടാണ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണം. നേതാക്കള്‍ക്ക് താഴെ തട്ടിലെ ബന്ധങ്ങള്‍ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ് ഉടനുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗുലാം നബി ആസാദിന്റെ വിമര്‍ശനവും വരുന്നത്. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചൊവ്വാഴ്ചയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവായ കപില്‍ സിബലും നേതൃത്വത്തെ കുറ്റപ്പെടുത്തിയിരുന്നു. ബിജെപിക്ക് ബദലായി ജനങ്ങള്‍ കോണ്‍ഗ്രസിനെ കാണുന്നില്ലെന്നായിരുന്നു പരാമര്‍ശം. ഒന്നരവര്‍ഷമായി കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷനില്ലാത്തത് വെല്ലുവിളിയാണ്. പ്രശ്‌നങ്ങള്‍ എന്താണെന്ന് പാര്‍ട്ടിക്ക് അറിയാമെങ്കിലും ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ല. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തതിനാലാണ് ആശങ്ക പരസ്യമാക്കുന്നതെന്നും കപില്‍ സിബല്‍ പ്രസ്താവിച്ചിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
താഴെ തട്ടില്‍ കോണ്‍ഗ്രസിന് സംഘടനാ സംവിധാനമില്ലെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം മുന്‍നിര്‍ത്തി പി ചിദംബരവും തുറന്നടിച്ചിരുന്നു. ആവശ്യത്തില്‍ അധികം സീറ്റില്‍ കോണ്‍ഗ്രസ് ബിഹാറില്‍ മത്സരിച്ചു. പക്ഷേ നേട്ടമുണ്ടാക്കാനായില്ല. വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Senior Congress Leader Gulam Nabi Azad Slams Party Leaders Five Star Culture.