ഭക്ഷണത്തിന് മാത്രം 60 ലക്ഷം, ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്ത്; രേഖകള്‍ പുറത്ത്
രണ്ടാം ലോക കേരള സഭയുടെ പേരില്‍ നടന്നത് വന്‍ ധൂര്‍ത്ത്. പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും മാത്രം 83 ലക്ഷത്തിലധികം രൂപയാണ് ചെലവായത്. ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ തിരുവനന്തപുരത്തുവെച്ചായിരുന്നു പരിപാടി. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ-ലോകസഭ അംഗങ്ങള്‍ക്ക് പുറമെ 178 പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അവസാന നിമിഷം കോവളം റാവിസ് ഗ്രൂപ്പിന് കൈമാറിയ ഭക്ഷണ കരാറിന് മാത്രം അര കോടിയിലേറെ രൂപയാണ് ചെലവായത്. ആഢംബര ഹോട്ടലിലായിരുന്നു പ്രതിനിധികളുടെ താമസം. സമ്മേനത്തില്‍ ചില പ്രതിനിധികള്‍ നേരത്തെ എത്തിയെന്നും ചിലര്‍ വൈകി മാത്രമാണ് മടങ്ങിയതെന്നും പുറത്തുവന്ന ഹോട്ടല്‍ ബില്ലുകള്‍ വ്യക്തമാക്കുന്നു.
ഭക്ഷണം എത്രപേര്‍ക്ക് വേണം, എത്ര അളവ് വേണം എന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ഡിസംബര്‍ 20ന് ചേര്‍ന്ന ഉന്നതാധികാര സമിതി തീരുമാനിച്ചത്. ഇതില്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് അവസാന നിമിഷം കോവളം രാവിസ് ഹോട്ടലിനെ ഭക്ഷണ വിതരണ ചുമതല ഏല്‍പ്പിച്ചത്. 59,82,600 രൂപയാണ് ഭക്ഷണത്തിന് മാത്രം ചെലവായത്. .
ഒരാളുടെ പ്രഭാത ഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550 രൂപയിലധികമാണ് (550+ നികുതി). ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രി ഭക്ഷണത്തിന് 1700+നികുതി എന്നിങ്ങനെയാണ് കണക്കുകള്‍. 700 പേര്‍ക്കാണ് ഈ നിരക്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയത്. 600 പേര്‍ക്ക് അത്താഴവും 400 പേര്‍ക്ക് പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.
ചില പ്രതിനിധികള്‍ നേരത്തെ വന്നതുകൊണ്ടും, ചിലര്‍ താമസിച്ച് പോയതു കൊണ്ടും ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെയാണ് താമസ സൗകര്യം ഒരുക്കിയത്. ഇതിനായി 23,42,725 രൂപയാണ് ചെലവായി. ഡ്രൈവര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷണത്തിനായി 4,56,324 രൂപയുടെ മറ്റൊരു ബില്ലും പാസായിട്ടുണ്ട്