കർഷകരോട് എത്രകാലം ഗുസ്തി പിടിക്കാനാവും കേന്ദ്രസർക്കാറിന്

കർഷകരോട് എത്രകാലം 
ഗുസ്തി പിടിക്കാനാവും 
കേന്ദ്രസർക്കാറിന്
Published on
2016- മുതൽ ഒരു തരത്തിലുള്ള എതിർശബ്ദങ്ങളെയും ഗൗനിക്കാതെ എല്ലാം അടിച്ചമർത്തിയിരുന്ന രാജ്യത്തെ പ്രാധാനമന്ത്രിക്ക് പരസ്യമായി മാപ്പ് വരെ ചോദിക്കേണ്ടി വന്നതിലേക്ക് നയിച്ച ഇന്ത്യ കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു ദൽഹി-ഹരിയാന അതിർത്തികളിൽ നടന്ന ഒന്നാം കർഷക സമരം. അത് കൊണ്ട് തന്നെ 2024 ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നേ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം കർഷക സമരത്തെ എന്ത് വില കൊടുത്തും ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ എല്ലാത്തിനെയും അതിജീവിച്ചു കർഷകർ ദൽഹിയിലേക്ക് കടക്കാനൊരുങ്ങുന്നു. സമരം അഞ്ചാം ദിവസം പിന്നിടുന്നു.

രാജ്യം വീണ്ടും ഒരു വലിയ കർഷക സമരത്തിന് സാക്ഷിയായി കൊണ്ടിരിക്കുകയാണ്. 2016- മുതൽ ഒരു തരത്തിലുള്ള എതിർശബ്ദങ്ങളെയും ഗൗനിക്കാതെ എല്ലാം അടിച്ചമർത്തിയിരുന്ന രാജ്യത്തെ പ്രാധാനമന്ത്രിക്ക് പരസ്യമായി മാപ്പ് വരെ ചോദിക്കേണ്ടി വന്നതിലേക്ക് നയിച്ച ഇന്ത്യ കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു ദൽഹി-ഹരിയാന അതിർത്തികളിൽ നടന്ന ഒന്നാം കർഷക സമരം.

അത് കൊണ്ട് തന്നെ 2024 ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നേ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം കർഷക സമരത്തെ എന്ത് വില കൊടുത്തും ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ എല്ലാത്തിനെയും അതിജീവിച്ചു കർഷകർ ദൽഹിയിലേക്ക് കടക്കാനൊരുങ്ങുന്നു. സമരം അഞ്ചാം ദിവസം പിന്നിടുന്നു.

2020-21 വർഷങ്ങളിൽ   നടന്ന ഒന്നാം കാർഷിക സമരം .
2020-21 വർഷങ്ങളിൽ നടന്ന ഒന്നാം കാർഷിക സമരം .

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ആദ്യ കർഷക സമരത്തിന് വ്യത്യസ്തമായി താങ്ങുവില, പെൻഷൻ തുടങ്ങി പത്തോളം ആവശ്യങ്ങളുമായാണ് ഇത്തവണ കർഷകരെത്തിയത്.

സമര സംഘടനകൾ ഉയർത്തുന്ന പ്രാധാന ആവശ്യങ്ങൾ

1. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പ് വരുത്തുക. കാർഷിക മേഖലയിൽ പ്രതിസന്ധിയിലായിരിക്കുന്ന ചില വിളകളെ കൂടി താങ്ങുവില പരിധിക്കുള്ളിൽ ഉൾപ്പെടുത്തുക.

2. ജീവിത ചിലവുകൾ വർധിച്ച പശ്ചാത്തലത്തിൽ കർഷക പെൻഷൻ തുക ഉയർത്തുക.

3. കാർഷക കടങ്ങൾ എഴുതി തള്ളുക.

4. ഇറക്കുമതി തീരുവ കുറയ്ക്കുക തുടങ്ങിയടക്കമുള്ള കർഷകരെ ബാധിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിൽ നിന്ന് സർക്കാർ പിൻമാറുക.

5. കൃഷി, ചെറുകിട മേഖല എന്നീ മേഖലകളിലെ കോർപ്പറേറ്റ് വത്കരണം തടയുക .

6.വൈദ്യുതി ബോർഡുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.

7. കഴിഞ്ഞ കർഷക സമരകാലത്തടക്കം കർഷകർക്ക് നേരെയെടുത്ത കേസുകൾ പിൻവലിക്കുക.

ആരൊക്കെയാണ് സമരത്തിന് പിന്നിൽ ?

കഴിഞ്ഞ 2020-21 കാർഷിക സമരത്തിനുണ്ടായിരുന്ന എല്ലാ സംഘടനകളും ഇക്കുറി സമരത്തിനില്ല. ​ഇരുന്നൂറോളം കർഷക സംഘടനകളാണ് നിലവിൽ ഇപ്പോഴത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്. കർഷക സമരത്തിന് പിന്നാലെ ഫെബ്രുവരി 16- ന് തൊഴിലാളി സംഘടനകൾ രാജ്യമൊട്ടാകെ ഗ്രാമീണ ഭാരത് ബന്ദും നടത്തി . എന്നാൽ ഇവ രണ്ടും തമ്മിൽ പരസ്പരം പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലായിരുന്നു.

2020-ലെ സമരത്തിന് മുൻ നിരയിലുണ്ടായിരുന്ന രാക്കേഷ് ടിക്കായത്ത്.
2020-ലെ സമരത്തിന് മുൻ നിരയിലുണ്ടായിരുന്ന രാക്കേഷ് ടിക്കായത്ത്.

മുമ്പ് 2020-21 ലെ ആദ്യ ഘട്ട കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്ന സംയുക്ത കിസാൻ സഭ ദൽഹി ചലോ മാർച്ചിന് ഇല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സംയുക്ത കിസാൻ സഭ പക്ഷേ ഫെബ്രുവരി 16- ന് നടക്കുന്ന ഗ്രാമീണ ബന്ദിന്റെ ഭാഗമായി . 2020-ലെ സമരത്തിന് മുൻ നിരയിലുണ്ടായിരുന്ന രാക്കേഷ് ടിക്കായത്ത് ,ഗുർണം സിങ് എന്നിവരും ഇത്തവണ പങ്കെടുത്തിട്ടില്ല.

കർഷക സംഘടനകൾക്കിടയിലുണ്ടായ ഭിന്നതയാണ് ഇതിന് കാരണമായി പറയുന്നത്. പണ്ട് സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായിരുന്ന ഇപ്പോൾ നോൺ പൊളിറ്റിക്കൽ വിഭാഗമെന്നറിയപ്പെടുന്ന ഒരു വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുടെയും സംയുക്ത നേത്രത്വത്തിലാണ് ഇത്തവണത്തെ ദൽഹി ചലോ മാർച്ച് നടത്തുന്നത്.

നോൺ പൊളിറ്റിക്കൽ എന്ന് പറയുമ്പോയും സമരത്തിന് നേതൃത്വം നൽകുന്നവരെല്ലാം രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. കിസാൻ മസ്ദൂർ മോർച്ചയുടെ നേതാവ് ശിവ് കുമാർ മുൻ ആർ.എസ്.എസ് നേതാവാണ്.

എന്നാൽ ഇപ്പോൾ നടക്കുന്ന കർഷക സമരത്തെ ഏതെങ്കിലും രീതിയിൽ അടിച്ചമർത്താൻ ശ്രമിക്കുകയാണെങ്കിൽ രാജ്യത്തെ മുഴുവൻ കർഷകരും ഇതിന്റെ ഭാഗമാവുമെന്ന് കഴിഞ്ഞ ദിവസം സമരത്തിൽ നിന്ന് മാറി നിന്ന സംയുക്ത കിസാൻ സഭയുടെ നേതാവ് രാക്കേഷ് ടിക്കായത്ത് പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ കർഷകർ ഉയർത്തുന്ന ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം കിട്ടിയില്ലെങ്കിൽ കർഷക സമരം കൂടുതൽ ശക്തിയിൽ വ്യാപിക്കാനിടയുണ്ട്.

സമരത്തെ കേന്ദ്രം നേരിടുന്ന വിധം

ഒരു വശത്ത് അനുനയ ഭാഷ ഉപയോഗിക്കുമ്പോൾ തന്നെ മറുഭാഗത്തിലൂടെ എല്ലാ രീതിയിലുള്ള ബലപ്രയോഗവും നടത്തി കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. 2021- ൽ സംഭവിച്ച പോലൊരു പരിക്ക് പറ്റാതിരിക്കാൻ കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ടെ, പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടക്കം മുതൽ തന്നെ നിരവധി തവണ മാരത്തൺ ചർച്ചകൾ നടന്നു. എന്നാൽ ഉറപ്പുകൾ നൽകുക എന്നതിനപ്പുറം അത് പ്രാവർത്തികമാക്കുന്നതിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കുന്നില്ലെന്നും ആവശ്യങ്ങളിൽ നടപടികയെടുക്കുന്നത് വരെ പിന്നോട്ടില്ലെന്നുമാണ് ഈ അവസാന നിമിഷവും സമര നേതാക്കൾ അറിയിച്ചത്. അടുത്ത ചർച്ച ഫെബ്രുവരി 18- ന് ഞായറാഴ്ച്ച വൈകുന്നേരം നടക്കും.

സിങ്കു അതിർത്തികൾ മുള്ളുവേലി കൊണ്ട് അടച്ചിട്ടിരിക്കുന്നു.
സിങ്കു അതിർത്തികൾ മുള്ളുവേലി കൊണ്ട് അടച്ചിട്ടിരിക്കുന്നു.

കർഷകർ സമരം പ്രഖ്യാപിച്ചതിന് പിറകെ കർഷകർക്ക് പ്രിയങ്കരരായിരുന്ന ചരൺസിങ്ങിനും എം.എസ് സ്വാമിനാഥനും ഭരത് രത്നവരെ നല്കി വരെ കർഷകരെ മയപ്പെടുത്താൻ നോക്കിയിരുന്നെങ്കിലും വില പോയിരുന്നില്ല. എം.എസ് സ്വാമിനാഥൻ റിപ്പോർട്ടിലെ താങ്ങുവില നടപ്പിലാക്കിയാണ് സ്വാമിനാഥന് ആദരവ് നൽകേണ്ടത് എന്നാണ് കഴിഞ്ഞ ദിവസം എം.എസ് സ്വാമിനാഥന്റെ മകൾ മധുര സ്വാമിനാഥൻ പറഞ്ഞത്.

സമരക്കാർക്ക് നേരെ ഡ്രോൺ ഉപയോഗിച്ച് സേന കണ്ണീർ വാതകം തെളിക്കുന്നു. കഴിഞ്ഞ ദിവസം ഗുരുദാസ്പൂർ ജില്ലയിൽ നിന്നുള്ള ഗ്യാൻസിംഗ് എന്ന കർഷകൻ ഗ്യാസ് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഞ്ചോളം പേർക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു. അഞ്ഞൂറോളം പേർക്ക് ഇത് വരെ വിവിധ പരിക്കുകൾ പറ്റിയിട്ടുണ്ട്. ഒരു വർഷത്തോളം നീണ്ടുനിന്ന കഴിഞ്ഞ കർഷക സമരത്തിൽ ഏകദേശം 719 പേർ മരണപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഗുരുദാസ്പൂർ ജില്ലയിൽ നിന്നുള്ള ഗ്യാൻസിംഗ് എന്ന കർഷകൻ ഗ്യാസ് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം ഗുരുദാസ്പൂർ ജില്ലയിൽ നിന്നുള്ള ഗ്യാൻസിംഗ് എന്ന കർഷകൻ ഗ്യാസ് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

സിമന്റ് മതിലുകൾ നിർമിച്ചും ബാരിക്കേഡുകൾ കെട്ടിയും ട്രാക്ടറുകൾ മുന്നോട്ട് പ്രവേശിക്കാതിരിക്കാൻ റോഡിൽ ഇരുമ്പാണികൾ വിതറിയും ഇന്റർനെറ്റ് വിലക്കിയും പ്രധാന നേതാക്കളുടെ എഫ്ബി അക്കൌണ്ടുകൾ സസ്പെൻഡ് ചെയ്തുമൊക്കെ സമരത്തെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാന അതിർത്തികളായ സിങ്കു, ഗാസിപൂർ, ത്രിക്രി, അതിർത്തികൾ കർഷക സമരം തുടങ്ങുന്നതിന് മുമ്പേ അടച്ചിട്ടിരുന്നു. അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതിന് നിരോധനാനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തികളിൽ വലിയ ക്രയിനുകൾ കണ്ടെയ്‌നറുകളും നിരത്തി തയ്യാറാക്കി വെച്ചിരിക്കുന്നു.

വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് പതിനായിരത്തോളം പേരെയാണ് ഇതിന് വേണ്ടി വിന്യസിച്ചിട്ടുള്ളത്. കുപ്പിയിൽ പെട്രോൾ വിതരണം നൽകുന്നതും വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചാബിലേക്കും ഹരിയാനയിലേക്കുമുള്ള പെട്രോൾ ഡീസൽ വിഹിതം കേന്ദ്രസർക്കാർ പകുതിയോളം കുറച്ചു. കർഷകർ കടക്കുമെന്ന പേടിയിൽ ചെങ്കോട്ടയും ദൽഹി മെട്രോയും അടച്ചു.

കർഷക സമരത്തിന് നേരെ സേന കണ്ണീർവാതകവും മറ്റും പ്രയോഗിക്കുന്നു.
കർഷക സമരത്തിന് നേരെ സേന കണ്ണീർവാതകവും മറ്റും പ്രയോഗിക്കുന്നു.

ദൽഹിയിലെയും മറ്റും സ്റ്റേഡിയങ്ങൾ താത്കാലിക ജയിലുകളാക്കി മാറ്റാൻ ശ്രമങ്ങളുണ്ടായി. അതിനിടയിൽ സമര മുഖത്തുള്ള ചില സംഘടനകളെ മാത്രം ചർച്ചക്ക് വിളിച്ചു ഭിന്നതക്കുള്ള ശ്രമവും കേന്ദ്രസർക്കാർ നടത്തി. സമരക്കാരുടെ കേൾവി ശക്തി വരെ നഷ്ടപ്പെടാൻ സാധ്യതയുള്ള ശബ്ദ പീരങ്കികളും കേന്ദ്രസർക്കാർ ഉപയോഗിച്ചു. റബ്ബർ ബുള്ളറ്റുകളും വ്യാപകമായി ഉപയോഗിച്ചു.

കർഷകർ കേന്ദ്ര സർക്കാരിനെ നേരിടുന്ന വിധം

പഞ്ചാബിലെ ഫത്തേഗഡ്‌ സാഹിബിൽ നിന്നാണ് ഈ കഴിഞ്ഞ 13 ആം തിയതി മാർച്ച് തുടങ്ങുന്നത്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷവും മതിയായ പരിഗണന ലഭിച്ചില്ലെന്നും അന്താരാഷ്ട്ര അതിർത്തികളെ പോലെയാണ് ഹരിയാന പഞ്ചാബ് അതിർത്തികളെ കേന്ദ്രം കാണുന്നത് എന്നും കിസാൻ മസ്‌ദൂർ നേതാവ് ആദ്യ ദിവസം പറഞ്ഞു. ട്രാക്ടറുകളിൽ ആറ് മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങളും പെട്രോൾ ഡീസൽ പോലെയുള്ള ഇന്ധനവും നൂലും സൂചിയും പോലെയുള്ള വളരെ അടിസ്ഥാന വസ്തുക്കളുമായാണ് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ദൽഹി അതിർത്തിയിലേക്ക് കർഷകരെത്തിയത്. ദൽഹിയിലെ മീററ്റ് ഹൈവേയിലുടനീളം കർഷകർ ടെന്റുകളും അടുക്കളകളും കെട്ടി.

ബാരിക്കേഡുകളും ഇരുമ്പ് വേലികളും കൊണ്ട് ട്രാക്റ്ററുകളും വാഹനങ്ങളും തടഞ്ഞപ്പോൾ കാൽനടയായി അതിർത്തികളിലേക്ക് പ്രവേശിച്ചു.

ഡ്രോണുകൾ വഴിയുള്ള കണ്ണീർ വാതക പ്രയോഗങ്ങളെ പട്ടം പറത്തി അവർ നിലത്തിട്ടു. വാട്ടർ ടാങ്കുകൾ ഉപയോഗിച്ച് കണ്ണീർ വാതക ഷെല്ലുകൾ നിർവീര്യമാക്കി. വഴിയിലെ തടസങ്ങൾ നീക്കാൻ പ്രതേക രീതിയിലുള്ള സംവിധാങ്ങൾ ട്രാക്ടറുകളിൽ ഘടിപ്പിച്ചാണ് കർഷകരെത്തിയത്.

ദൽഹി ചലോ മാർച്ചിന് പിന്തുണയായി തമിഴ്‌നാട്ടിലെ തൃച്ചിയിലെ കർഷകർ മുമ്പ് ആത്മഹത്യ ചെയ്ത കർഷകരുടെ അസ്ഥികൂടങ്ങളുമായി ഹൈവേയിൽ കുത്തിയിരിപ്പ് സമരം നടത്തി. സംഘർഷമുണ്ടായ ദൽഹിയുടെ അതിർത്തി പ്രദേശമായ ശംഭുവിൽ കർഷകർ ബാരിക്കേഡുകൾ എടുത്ത് വലിച്ചെറിഞ്ഞു. കർഷകരെ മർദിച്ചതിൽ പ്രതിഷേധിച്ച് പഞ്ചാബിലെ ടോൾ പ്ലാസകൾ സംയുക്ത കിസാൻ മോർച്ച പഞ്ചാബ് ഘടകം സ്വതന്ത്രമാക്കി. പിന്നീട് ഹരിയാനയിലേക്കും ടോൾ പ്ലാസകൾ സ്വാതന്ത്രമാക്കുന്ന നടപടി വ്യാപിച്ചു. പഞ്ചാബിൽ സമരത്തിൽ പങ്കെടുക്കുന്ന മറ്റൊരു സംഘടനയായ ഭാരതീയ കിസാൻ യൂണിയന്റെ നേത്രത്തിൽ ട്രെയിൻ തടഞ്ഞു.

ദൽഹി ചലോ മാർച്ചിന് പിന്തുണയായി തമിഴ്‌നാട്ടിലെ തൃച്ചിയിലെ കർഷകർ മുമ്പ് ആത്മഹത്യ ചെയ്ത കർഷകരുടെ അസ്ഥികൂടങ്ങളുമായി ഹൈവേയിൽ കുത്തിയിരിപ്പ് സമരം നടത്തി.
ദൽഹി ചലോ മാർച്ചിന് പിന്തുണയായി തമിഴ്‌നാട്ടിലെ തൃച്ചിയിലെ കർഷകർ മുമ്പ് ആത്മഹത്യ ചെയ്ത കർഷകരുടെ അസ്ഥികൂടങ്ങളുമായി ഹൈവേയിൽ കുത്തിയിരിപ്പ് സമരം നടത്തി.

കർഷക സമരത്തിന്റെ ഭാവി

കർഷക സമരം അഞ്ചു ദിവസം പിന്നിടുമ്പോൾ കേന്ദ്രസർക്കാർ വലിയ പ്രതിസന്ധിയിലാണ്. നിലവിൽ കർഷക സംഘടനകൾക്കിടയിലുള്ള ഭിന്നത കൂടി പരിഹരിക്കപ്പെടുന്ന പക്ഷം വലിയ സമരമായി ഇത് മാറാൻ സാധ്യതയുണ്ട്. കഴിഞ്ഞ കർഷക സമരത്തിന് മുന്നിലുണ്ടായിരുന്ന സംയുക്ത കിസാൻ മോർച്ച സമരത്തിൽ പങ്കെടുക്കുന്നത് ആലോചനയിലുണ്ടെന്ന് രാകേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ള നേതാക്കൾ അറിയിച്ചിരുന്നു.

രണ്ടാം കർഷക സമരത്തിൽ നിന്ന്.
രണ്ടാം കർഷക സമരത്തിൽ നിന്ന്.

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി കർഷകരോടപ്പം സമരത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മമതാ ബാനർജി,അഖിലേഷ് യാദവ് അടക്കമുള്ള ബിജെപി വിരുദ്ധ മുന്നണിയിൽ നിന്ന് നിരവധി ആളുകൾ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടയിൽ കർഷക സമരത്തിൽ ഹൈകോടതിയുടെയും സുപ്രീം കോടതിയുടെയും നേരിട്ടുള്ള നിർണ്ണായകമായ ഇടപെടലുകൾ ഉണ്ടായി. കേന്ദ്രസർക്കാറിനും ദൽഹി പഞ്ചാബ് ഹരിയാന സംസ്ഥാന സർക്കാരുകൾക്കും വിഷയത്തിൽ വിശദീകരണം ചോദിച്ചു കോടതി നോട്ടീസ് അയച്ചു. ഞായറാഴ്‌ച്ച വൈകുന്നേരം കേന്ദ്ര സർക്കാർ നടത്തുന്ന മധ്യസ്ഥ ചർച്ചകളിൽ കാര്യമായ നീക്കുപോക്കുകൾ നടന്നില്ലെങ്കിൽ തിങ്കളാഴ്‌ച്ച മുതൽ സമരം ശക്തമാകും. അത് കൊണ്ട് തന്നെ കഴിയും വിധം കർഷകരെ പിണക്കാതെ താത്കാലിക തീരുമാനത്തിലെത്താനാവും ഞായാറാഴ്ച്ച വൈകുന്നേരം നടക്കുന്ന അനുനയ ചർച്ചയിൽ കേന്ദ്രസർക്കാർ ശ്രമിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in