രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ കാരണമായ 'മോദി' പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിലെ ശിക്ഷ സുപ്രിം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോകസഭാംഗത്വം തിരികെ ലഭിക്കും. വിചാരണക്കോടതിയുടെ ഉത്തരവിനെ വിമർശിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ബി.ആർ ഗവായി അധ്യക്ഷനായ ബെഞ്ച് വിധി നിർണ്ണയിച്ചത്. രാഹുലിന് പരമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി വ്യക്തമായ കാരണങ്ങളൊന്നും നിരത്തിയിട്ടില്ല എന്ന് കോടതി വ്യക്തമാക്കി.
എന്തിനാണ് രാഹുലിന് പരമാവധി ശിക്ഷ നൽകുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. പരമാവധി ശിക്ഷ നൽകികൊണ്ട് വലിയ പേജ് ഉള്ള ഉത്തരവ് വിചാരണക്കോടതി പുറത്തിറക്കിയെങ്കിലും പരമാവധി ശിക്ഷ നൽകാനുണ്ടായ സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കുന്ന കാരണങ്ങൾ ഒന്നും തന്നെയില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ജനപ്രതിനിധി എന്ന ഘടകം നിലനിൽക്കെയാണ് രാഹുലിന് പരമാവധി ശിക്ഷ വിചാരണക്കോടതി വിധിച്ചത്.
ശിക്ഷ ഒരുവർഷം അയാൾ പോലും അയോഗ്യത സംഭവിക്കില്ലെന്നും ഒരു വർഷവും 11 മാസവുമായിരുന്നു രാഹുലിന് തടവുശിക്ഷ വിധിച്ചിരുന്നതെങ്കിൽ പോലും ലോകസഭാംഗത്വത്തെ ബാധിക്കില്ല എന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. സ്റ്റേ അനുവദിക്കണമെങ്കിൽ അതിശക്തമായ കാരണം ഉണ്ടാകണമെന്ന് അപകീർത്തിക്കേസിൽ പരാതി നൽകിയ പൂർണേഷ് മോദിക്ക് വേണ്ടി മഹേഷ് ജഠ്മലാനി വാദിച്ചപ്പോൾ വയനാട് മണ്ഡലം ഒഴിഞ്ഞു കിടക്കുന്നതിനെക്കുറിച്ചു ജസ്റ്റിസ് ഗവായി വിശദീകരിച്ചു.
ഒരു മണ്ഡലം ജനപ്രതിനിധികൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ വളരെ ഗൗരവം ഉള്ളതാണെന്നും അത് ഒരു ലോകസഭാ മണ്ഡലത്തിന്റെ മുഴുവൻ വിഷയമാണെന്നും ഇത് ഹർജിക്കാരന്റേത് മാത്രമല്ല, തെരെഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തെയും ബാധിച്ചു എന്ന് കോടതി വ്യക്തമാക്കി.
ഗുജറാത്ത് ഹൈക്കോടതി സ്റ്റേ തള്ളിയ സാഹചര്യത്തിലാണ് രാഹുൽ സുപ്രിം കോടതിയെ സമീപിച്ചത്. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയുടെ പരാതിയിലായിരുന്നു രാഹുലിനെതിരെ കേസ് എടുത്തത്. കേസിൽ രാഹുലിനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചതോടെ എം.പി.സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടു. രാഹുലിന്റെ അപ്പീൽ തള്ളണമെന്നാവശ്യപ്പെട്ട് പൂർണേഷ് മോദി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലോക്‌സഭ സെക്രട്ടേറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്