പെണ്‍കുട്ടികള്‍ ലൈംഗികത സ്വയം നിയന്ത്രിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി പരാമര്‍ശം റദ്ദാക്കി സുപ്രീം കോടതി

supreme court 
supreme court google
Published on

കൗമാരക്കാരായ പെണ്‍കുട്ടികള്‍ അവരുടെ ലൈംഗിക ചോദന സ്വയം നിയന്ത്രിക്കണമെന്ന പരാമര്‍ശമുള്ള കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. കൗമാരക്കാര്‍ ലൈംഗിക ചോദന സ്വയം നിയന്ത്രിക്കണമെന്നും രണ്ടു മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ലൈംഗിക സുഖത്തിന്റെ പിന്നാലെ പോകുമ്പോള്‍ അവര്‍ സമൂഹത്തിന്റെ കണ്ണുകളില്‍ പരാജിതരായി മാറുകയാണെന്നുമുള്ള പരാമര്‍ശത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്. ഹൈക്കോടതി പരാമര്‍ശം അവഹേളനപരമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പോക്‌സോ കേസില്‍ 20 വര്‍ഷം തടവുശിക്ഷ ലഭിച്ച പ്രതിയുടെ അപ്പീലില്‍ വാദംകേട്ട കൊല്‍ത്തത്ത ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് 2023ല്‍ പുറപ്പെടുവിച്ച വിധിയിലാണ് പരാതിക്കാരിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ വിധിക്കെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാരും 2023 ഒക്ടോബറില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതിയുടെ പരാമര്‍ശം അവഹേളനപരവും അനുചിതവുമാണെന്ന് കഴിഞ്ഞ ഡിസംബറില്‍ കോടതി വ്യക്തമാക്കിയിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണങ്ങളില്‍ സുപ്രീം കോടതി സ്വമേധയാ റിട്ട് പെറ്റീഷന്‍ നടപടികളെടുക്കുകയായിരുന്നു. വിധിയിലെ ചില ഖണ്ഡികകളില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഇത്തരത്തില്‍ വിധിയെഴുതുന്നത് തെറ്റാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 കൗമാരക്കാര്‍ക്ക് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവയുടെ പ്രഥമദൃഷ്ട്യായുള്ള ലംഘനമാണെന്ന് ഡിസംബര്‍ 8ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. ഒരു വിധിക്കെതിരെ ലഭിക്കുന്ന അപ്പീലില്‍ അതിന്റെ മെറിറ്റ് മാത്രമേ ഹൈക്കോടതി പരിഗണിക്കേണ്ടതായുള്ളു. അതേസമയം ഈ കേസില്‍ അപ്രസക്തമായ മറ്റു പല കാര്യങ്ങളും ഹൈക്കോടതി ചര്‍ച്ച ചെയ്തതായി കണ്ടെത്തി. ഇത്തരം അപ്പീലുകളില്‍ വിധിയെഴുതുമ്പോള്‍ ജഡ്ജിമാര്‍ അവരുടെ വ്യക്തിപരമായ വീക്ഷണങ്ങള്‍ എഴുതുകയോ സദാചാര പ്രസംഗം നടത്തുകയോ ചെയ്യേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിരവധി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി നല്‍കിയിട്ടുള്ളതാണെന്നും വിധിന്യായങ്ങള്‍ എഴുതുന്നതില്‍ പോലും മാര്‍ഗ്ഗനിര്‍ദേശങ്ങളുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നില്ല കൊല്‍ക്കത്ത ഹൈക്കോടതിയുടെ സാരോപദേശം. പെണ്‍കുട്ടികളുടെ ഉത്തരവാദിത്തങ്ങളെ ആണ്‍കുട്ടികള്‍ ബഹുമാനിക്കണമെന്നും പെണ്‍കുട്ടികളെയും സ്ത്രീകളെയും ബഹുമാനിക്കാന്‍ അവര്‍ ശീലിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in