ലാവ്‌ലിന്‍: ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി; വ്യക്തികളെ കക്ഷി ചേര്‍ക്കരുതെന്ന് പിണറായിയുടെ അഭിഭാഷകന്‍
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ മൂന്നാംഗ ബെഞ്ചിന്റെ മുമ്പാകെയാണ് ഹര്‍ജികള്‍ എത്തിയത്. വ്യക്തികളെ കക്ഷി ചേരാന്‍ അനുവദിക്കരുതെന്ന് പിണറായിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വ്യക്തികളുടെ ഇടപെടല്‍ അപേക്ഷകള്‍ ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍, മുന്‍ വൈദ്യുതിവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും വിചാരണ ചെയ്യണമെന്നാണ് സിബിഐയുടെ ആവശ്യം. വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന് അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇതിന് കൃത്യമായി തെളിവുകളുണ്ട്. കുറ്റപത്രത്തില്‍ നിന്ന് പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണ്. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെടുന്നു.
ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ടാണ് കേസ്. കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് കേസിലെ പ്രധാന ആരോപണം. 1995ല്‍ യുഡിഎഫ് സര്‍ക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി കാര്‍ത്തികേയനാണ് എസ്എന്‍സി ലാവലിനുമായി ആദ്യ ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. 1996 ഫെബ്രുവരി 24-ന് കമ്പനിയെ പദ്ധതി നടത്തിപ്പിനുള്ള കണ്‍സള്‍ട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാറില്‍ ഒപ്പുവെയ്ക്കുമ്പോഴും ജി കാര്‍ത്തികേയനായിരുന്നു വകുപ്പ് മന്ത്രി. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന പിണറായിയാണ് കനേഡിയന്‍ കമ്പനിയുമായി അന്തിമ കരാറില്‍ ഒപ്പിട്ടത്. കരാറുകള്‍ വിഭാവനം ചെയ്യുന്നത് മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാര്‍ വൈദ്യുത വകുപ്പ് ഭരിച്ചു. ഇക്കാലയളവില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് വേണ്ടി കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കേണ്ടിയിരുന്ന 98 കോടി രൂപയില്‍ ആകെ 12 കോടി രൂപ മാത്രമാണ് ലഭിച്ചത്. ധാരണാ പത്രം പുതുക്കാതിരുന്നതാണ് ഇതിന് കാരണം.