'ബിഷപ്പിന്റെ പിന്തുണയ്ക്ക് നന്ദി', ലീഗിനെതിരെ വിദ്വേഷപ്രസ്താവനകള്‍ നടത്താനാവുമെന്നത് വ്യാമോഹമെന്ന് സാദിഖലി തങ്ങള്‍

'ബിഷപ്പിന്റെ പിന്തുണയ്ക്ക് നന്ദി', ലീഗിനെതിരെ വിദ്വേഷപ്രസ്താവനകള്‍ നടത്താനാവുമെന്നത് വ്യാമോഹമെന്ന് സാദിഖലി തങ്ങള്‍
Published on

മുസ്ലീം ലീഗിനെതിരായ എ.വിജയരാഘവന്റെ പ്രസ്താവനയില്‍ മറുപടിയുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിശ്വാസ രാഷ്ട്രീയ വൈജാത്യങ്ങള്‍ക്കപ്പുറത്ത് എല്ലാവരോടും മാന്യമായി ഇടപെട്ടുള്ള പാരമ്പര്യമാണ് ലീഗിനുള്ളതെന്നും, അത് ബോധ്യമുള്ള ജനത ഈ നാട്ടിലുള്ളിടത്തോളം ലീഗിനെതിരെ വിദ്വേഷ പ്രസ്താവനകള്‍ നടത്താനാകുമെന്നത് വ്യാമോഹം മാത്രമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറയുന്നു.

സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനോട് നന്ദി പറയുന്നതായും പോസ്റ്റിലുണ്ട്. മുന്നാക്ക സംവരണ വിഷയത്തില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്നായിരുന്നു എ.വിജയരാഘവന്റെ വിമര്‍ശനം.

വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ലെന്നായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് .എ.വിജയരാഘവന്റെ പരാമര്‍ശങ്ങള്‍ മറുപടിയായി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യുമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞിരുന്നു.

'ബിഷപ്പിന്റെ പിന്തുണയ്ക്ക് നന്ദി', ലീഗിനെതിരെ വിദ്വേഷപ്രസ്താവനകള്‍ നടത്താനാവുമെന്നത് വ്യാമോഹമെന്ന് സാദിഖലി തങ്ങള്‍
'ലീഗിനെ വര്‍ഗീയപാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല', അനാരോഗ്യപരമായ സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

എല്ലാ കാലത്തും കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സാന്നിധ്യമറിയിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നമുക്ക് ശേഷവും ഇവിടെ കേരളവും അതിന്റെ സാഹോദര്യ മനോഹാരിതയും നിലനില്‍ക്കേണ്ടതുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ വഴി സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ലാഭം കൊയ്യാമെന്ന് ധരിച്ചെങ്കില്‍ തെറ്റിയെന്നും, അതിന് പറ്റിയ വിളനിലമാകില്ല കേരളം എന്നതിന് തെളിവാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വാക്കുകളെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഈ കുറിപ്പ് വായിച്ചപ്പോഴുണ്ടായ സന്തോഷം ചെറുതല്ല. വിശ്വാസ, രാഷ്ട്രീയ വൈജാത്യങ്ങള്‍ക്കപ്പുറത്ത് എല്ലാവരോടും മാന്യമായി ഇടപെട്ടുള്ള പാരമ്പര്യമാണ് മുസ്ലിംലീഗിനുള്ളത്. അത് ബോധ്യമുള്ള ഒരു ജനത ഈ നാട്ടിലുള്ള കാലത്തോളം ലീഗിനെതിരെ വിദ്വേഷ പ്രസ്താവനകള്‍ നടത്താനാവുമെന്നത് വ്യാമോഹം മാത്രമാണ്.

എല്ലാകാലത്തും കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സാന്നിധ്യമറിയിച്ച പാര്‍ട്ടിയാണ് ലീഗ്. അത് ഇവിടുത്തെ ജനതക്കറിയാം. സി.പി.എം വിശിഷ്യാ, അവരുടെ സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയനേട്ടം കൊയ്യാന്‍ വേണ്ടി മാത്രം ലീഗിനെ ചേര്‍ത്തുവച്ച് വര്‍ഗ്ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ വ്യക്തിപരമായും അതിയായ ദുഃഖമുണ്ടായി. നമുക്ക് ശേഷവും ഇവിടെ കേരളവും അതിന്റെ സാഹോദര്യ മനോഹാരിതയും നിലനില്‍ക്കേണ്ടതുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍വഴി സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ലാഭം കൊയ്യാമെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അതിനു പറ്റിയ വിളനിലമാവില്ല കേരളം എന്നതിന് തെളിവാണ്, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അവര്‍കളുടെ മുകളിലെ വാക്കുകള്‍. ഈ കരുതലിനു അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പും അതിന്റെ അലയൊലികളും ഇന്നോ നാളെയോ കഴിഞ്ഞേക്കാം. പക്ഷേ അത് കഴിഞ്ഞും ഈ നാട്ടില്‍ സൗഹൃദം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത പൊതുപ്രവര്‍ത്തകരായ നമുക്കെല്ലാവര്‍ക്കുമുണ്ട്. പരസ്പരം രാഷ്ട്രീയമായി എതിരിടാം, ഒരു ജനതയെന്ന നിലയില്‍ നമുക്ക് കൈകോര്‍ത്തുതന്നെ മുന്നോട്ടുപോവാം. നന്മകള്‍ നേരട്ടെ.'

Sayyid Sadik Ali Shihab Thangal Against A Vijayaraghavan

Related Stories

No stories found.
logo
The Cue
www.thecue.in