തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇടതിന്റെ വര്‍ഗീയ പ്രീണനത്തിനുള്ള തിരിച്ചടിയെന്ന് സത്യദീപം. സെക്യുലറിസം പാര്‍ട്ടി ഭറണഘടനയില്‍ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും സത്യദീപം എഡിറ്റോറിയയില്‍ എഴുതി.
'വര്‍ഗീയത പച്ചയ്ക്ക് പരസ്യമായിപ്പറഞ്ഞ് വോട്ട് ചോദിച്ചവരെ പരാജയപ്പെടുത്തിയെന്നതിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അടയാളപ്പെടുന്നത്. ബിജെപിക്ക് കെട്ടിവച്ച കാശ് പോയ ഈ തെരഞ്ഞെടുപ്പില്‍ വര്‍ഗീയതയ്ക്ക് ഇവിടെ വേരില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഉറപ്പിച്ചുപറഞ്ഞു. സഭാ-സമുദായ നേതൃത്വത്തണലില്‍ വോട്ടുറപ്പിക്കുന്ന പ്രീണന രാഷ്ട്രീയത്തെയും തൃക്കാക്കര തള്ളിപ്പറഞ്ഞു. പൂര്‍ണ്ണമായും നഗരകേന്ദ്രീകൃതമായ തൃക്കാക്കര മണ്ഡലം കേരള സമൂഹത്തിന്റെ പരിഛേദമായതിനാല്‍ അത് ആധികാരികവുമാണ്. മതാവലംബ പാര്‍ട്ടികളുടെ വിദ്വേഷ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കുന്നതിനു പകരം അവര്‍ക്കൊക്കെ തെരുവില്‍ അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്ന, സെക്യൂലറിസം പാര്‍ട്ടി ഭറണഘടനയില്‍ അലങ്കാരപ്പദമായി മാത്രം കൊണ്ടു നടക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം,' എന്നും സത്യദീപം.
'വോട്ടറുടെ ജാതിയും മതവും നോക്കി നേതാക്കളെ നിശ്ചയിച്ച് ഭവന സന്ദര്‍ശനത്തിനു നിയോഗിക്കുവോളം വര്‍ഗീയത അതിന്റെ സര്‍വ്വാസുരഭാവവും പ്രകടമാക്കിപ്പെരുമാറിയ തെരഞ്ഞെടുപ്പായിരുന്നു, തൃക്കാക്കരയിലേത്. സമ്മതിദായകരുടെ ജാതി നോക്കി വോട്ടുറപ്പിച്ചതിനെ ഇലക്ഷന്‍ എന്‍ജിനീയറിംഗ് എന്നു വിളിക്കരുത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പള്ളി(ആശുപത്രി)പ്പരിസരത്തവതരിപ്പിച്ചുകൊണ്ട് ഇടതുമുന്നണിയാരംഭിച്ച വര്‍ഗീയ പ്രീണന നീക്കത്തിന് ബിജെപി അവസാന നിമിഷം സാക്ഷാല്‍ പി.സി ജോര്‍ജ്ജിനെ കളത്തിലിറക്കിയാണ് മറുപടി നല്കിയത്,'' എന്നും സത്യദീപം.
പാര്‍ട്ടിയും മതവും ഒന്നാകുന്നതിന്റെ ആപല്‍സൂചന അതിശക്തമായി അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ഓശാന ഞായറില്‍ 'പാര്‍ട്ടി പോലീസ്' പള്ളിയിലെത്തിയത് വിശ്വാസികള്‍ പ്രശ്നമാക്കുകയും ചെയ്തു.
പ്രബുദ്ധ കേരളത്തില്‍ പ്രതീക്ഷയുണ്ട്, പ്രത്യേകിച്ച് തൃക്കാക്കരയില്‍. തെരഞ്ഞെടുത്ത് വിട്ടവര്‍ തന്നെ 'തിരിച്ചുവിളിക്കുന്ന' വിധവും രീതിയുമാണ് ഉപതെരഞ്ഞെടുപ്പുകള്‍,'' സത്യദീപം എഴുതി. തിരിച്ചടി തിരച്ചറിവാകണം എന്ന് പറഞ്ഞാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.