പൊലീസ് നോട്ടീസ് നല്‍കാതെയാണ് തന്നെ പിടിച്ചുകൊണ്ട് പോയതെന്ന് സരിത്. വിജിലന്‍സ് ഓഫീസില്‍ പോയി സ്വപ്‌നയുടെ മൊഴിയെക്കുറിച്ചാണ് ചോദിച്ചതെന്നും സരിത് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത്.
ഫോണ്‍ പൊലീസ് പിടിച്ചു വെച്ചിരിക്കുകയാണെന്നും ഈ മാസം 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് ഇപ്പോള്‍ നല്‍കിയെന്നും സരിത് പറഞ്ഞു.
വീട്ടില്‍ വന്ന് ഡോര്‍ തുറന്നപാടെ പിടിച്ച് കൊണ്ടു പോകുമ്പോള്‍ പൊലീസാണോ ഗുണ്ടയാണോ എന്നൊന്നും അറിയില്ല, കാറില്‍ കയറിയ ശേഷം ആണ് വിജിലന്‍സില്‍ നിന്നാണെന്ന് പറഞ്ഞതെന്നും സരിത് കൂട്ടിച്ചേര്‍ത്തു.
സരിത്തിന്റെ വാക്കുകള്‍
വീട്ടില്‍ വന്ന് മൂന്ന് പേര്‍ കോളിംഗ് ബെല്‍ അടിച്ചു. ഡോര്‍ തുറന്നപ്പോള്‍ ക്രൈം ബ്രാഞ്ച് ആണെന്ന് പറഞ്ഞ് ബലമായി പിടിച്ചുകൊണ്ട് വരികയാണ് ചെയ്തത്. വരുന്ന വഴിക്ക് എന്റെ മൊബൈല്‍ ഫോണ്‍ എല്ലാം പിടിച്ചു വാങ്ങി ഓഫീസില്‍ വെച്ചിരിക്കുകയാണ്. ഞാന്‍ വിജിലന്‍സ് കേസില്‍ പ്രതിയാണ്. അതുകൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നൊക്കെയാണ് പറഞ്ഞത്. പക്ഷെ അവിടെ കൊണ്ട് പോയി ചോദിച്ചത് സ്വപ്‌നയെക്കുറിച്ചാണ്. ഇന്നലെ കൊടുത്ത മൊഴി ആര് നിര്‍ബന്ധിച്ചാണ് കൊടുത്തത് എന്നൊക്കെയാണ് ചോദിച്ചത്. ലൈഫ്മിഷന്‍ സംബന്ധിച്ച് ഒന്നും ചോദിച്ചില്ല.
ഫ്‌ളാറ്റിലെ സിസിടിവി പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കും. സിസിടിവി അവര്‍ ഒഴിവാക്കുമോ എന്ന് അറിയില്ല. ഫ്‌ളാറ്റിലെ എല്ലാവരുടെയും മുന്നില്‍ വെച്ചാണ് ബലം പ്രയോഗിച്ച് കൊണ്ട് പോയത്. മുന്‍കൂട്ടി ഒരു നോട്ടീസും നല്‍കിയിട്ടില്ല. ലൈഫ് മിഷന്റെ വിജിലന്‍സ് കേസില്‍ കസ്റ്റഡിയില്‍ എടുത്തെന്നാണ് പറഞ്ഞിരിക്കുന്നത്.
ഈ മാസം 16ന് തിരുവനന്തപുരം വിജിലന്‍സില്‍ ഹാജര്‍ ആകണം എന്ന് പറഞ്ഞിട്ടുള്ള ഒരു നോട്ടീസ് വിജിലന്‍സ് ഇപ്പോള്‍ തന്നു. ഡ്രൈവര്‍ അടക്കം നാല് പേരാണ് വന്ന് കൊണ്ടു പോയത്. വീട്ടില്‍ വന്ന് ഡോര്‍ തുറന്നപാടെ പിടിച്ച് കൊണ്ടു പോകുമ്പോള്‍ പൊലീസാണോ ഗുണ്ടയാണോ എന്നൊന്നും അറിയില്ലല്ലോ.