‘ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെ ഗാന്ധിജി രക്ഷിക്കാന്‍ ശ്രമിച്ചില്ല’; വാദ വുമായി മോദി സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്
ഭഗത് സിംഗ് ഉള്‍പ്പെടെയുള്ള വിപ്ലവകാരികളെ തൂക്കിലേറ്റുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ഗാന്ധിജി മതിയായ ശ്രമങ്ങള്‍ നടത്തിയില്ലെന്ന വാദവുമായി നരേന്ദ്രമോദി സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍. 'റെവല്യൂഷണറീസ്. എ റീടെല്ലിങ് ഓഫ് ഇന്ത്യാസ് ഹിസ്റ്ററി' എന്ന വിഷയത്തില്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരി ക്കവെയായിരുന്നു വിവാദ പരാമര്‍ശം. വസ്തുതകള്‍ ശേഷിക്കുന്നില്ലെന്നതിനാല്‍ ഭഗത് സിംഗിനെയും മറ്റ് വിപ്ലവകാരികളെയും തൂക്കുമരത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ ഗാന്ധി വിജയിക്കുമായിരുന്നോയെന്ന് പ്രസ്താവിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ അദ്ദേഹം മതിയായ ഇടപെടല്‍ നടത്തിയിട്ടില്ല. ഇങ്ങനെയായിരുന്നു സഞ്ജീവിന്റെ കുറ്റപ്പെടുത്തല്‍.
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയുമായി ബന്ധപ്പെട്ട ബദല്‍ ചരിത്രത്തെ മൂടിവെയ്ക്കാന്‍ വിപ്ലവകാരികളുടെ കഥ ബോധപൂര്‍വം അട്ടിമറിക്കുകയാണ്. അത്തരം കഥകള്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തിനും ബ്രിട്ടീഷുകാര്‍ക്കും അസൗകര്യമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വിപ്ലവകാരികളുടെ ഇടപെടലുകള്‍ പാഠ്യപദ്ധതിയില്‍ വിശദമായി ഉള്‍പ്പെടുത്തേണ്ടതുണ്ട്. അക്രമത്തിന് മാപ്പുകൊടുക്കുന്നതില്‍ ഗാന്ധിജി സന്തുഷ്ടനായിരുന്നു. എന്തിനേറെ അദ്ദഹം ബ്രിട്ടീഷ് ആര്‍മിയിലിക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തു. ഒന്നാം ലോക മഹായുദ്ധത്തിലേക്കായി ബ്രിട്ടീഷ് സൈന്യത്തിലേക്ക് ഇന്ത്യന്‍ പട്ടാളക്കാരെ റിക്രൂട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായെങ്കില്‍ ഭഗത് സിംഗിന്റെ പ്രവൃത്തികളോട് എന്തിനായിരുന്നു എതിര്‍പ്പ്.
ഖിലാഫത്ത് പ്രസ്ഥാനത്തെ തുടര്‍ന്നുള്ള മലബാര്‍ വിപ്ലവത്തില്‍ അരങ്ങേറിയ അക്രമങ്ങളെ വിലകുറച്ച് കാണാനാണ് ഗാന്ധിജി ശ്രമിച്ചത്. ഈ പശ്ചാത്തലത്തില്‍ വിപ്ലവകാരികള്‍ അദ്ദേഹത്തോട് വിയോജിച്ചിരുന്നു. അതിനാല്‍ ഭഗത് സിംഗിനെയും മറ്റുള്ളവരെയും തൂക്കുമരത്തില്‍ നിന്ന് രക്ഷപ്പടുത്താന്‍ ഗാന്ധിജി ശരിയായി ഇടപെട്ടില്ലെന്നും സന്യാല്‍ കുറ്റപ്പെടുത്തി. ഇന്ത്യ സ്വതന്ത്രമായത് തികച്ചും വ്യത്യസ്ഥമായ ചരിത്രമാണ്. അത് പ്രതിരോധത്തിന്റെയും സ്ഥിരതയുടെയും ആത്യന്തികമായി തുടര്‍ച്ചയായി പ്രയോഗിച്ച തന്ത്രങ്ങളുടെയും ഫലമാണ്. തങ്ങള്‍ക്ക് ഇന്ത്യയെ നിയന്ത്രിക്കാനാവില്ലെന്ന് ഒടുക്കം ബ്രിട്ടീഷുകാര്‍ തിരിച്ചറിയുകയായിരുന്നുവെന്നും സന്യാല്‍ പരാമര്‍ശിച്ചു.