സ്വര്‍ണക്കടത്തില്‍ മാപ്പുസാക്ഷിയാകാമെന്ന് സന്ദീപ് നായര്‍; കുറ്റസമ്മതമൊഴി രേഖപ്പെടുത്താന്‍ അനുമതി

സ്വര്‍ണക്കടത്തില്‍ മാപ്പുസാക്ഷിയാകാമെന്ന് സന്ദീപ് നായര്‍; കുറ്റസമ്മതമൊഴി രേഖപ്പെടുത്താന്‍ അനുമതി
Published on

സ്വര്‍ണക്കടത്ത് കേസില്‍ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് രണ്ടാം പ്രതി സന്ദീപ് നായര്‍. ഇക്കാര്യം കാണിച്ച് എന്‍ഐഎ കോടതിയില്‍ കത്ത് നല്‍കി. രഹസ്യ മൊഴി രേഖപ്പെടുത്തണമെന്നാണ് സന്ദീപ് നായര്‍ കോടതിയോട് ആവശ്യപ്പെട്ടത്. സന്ദീപ് കത്ത് നല്‍കിയത് പ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കി.

തന്റെ കുറ്റസമ്മതം കേസില്‍ തെളിവാകുമെന്നും സന്ദീപ് കോടതിയെ അറിയിച്ചു. സിആര്‍പിസി 164 പ്രകാരമാണ് സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തുക. ഇത് പരിശോധിച്ച ശേഷമാകും സന്ദീപിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കുക.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യആസൂത്രകനെന്ന് അന്വേഷണസംഘം പറയുന്ന കെ ടി റമീസുമായി അടുത്ത ബന്ധമുള്ളയാളാണ് സന്ദീപ് നായര്‍. കേസില്‍ ശക്തമായ തെളിവുകള്‍ കിട്ടാത്തത് അന്വേഷണസംഘത്തെ കുഴക്കിയിരുന്നു. മറ്റ് ചില പ്രതികളെ കൂടി മാപ്പുസാക്ഷിയാക്കാനും എന്‍ഐഎ നീക്കം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in