'കുട്ടിക്ക് ലജ്ജ കൊണ്ട് മാനസിക പ്രയാസം വേണ്ട എന്ന് കരുതി പറഞ്ഞത്' ; പെണ്‍വിലക്കില്‍ വിചിത്ര ന്യായീകരണവുമായി സമസ്ത

'കുട്ടിക്ക് ലജ്ജ കൊണ്ട് മാനസിക പ്രയാസം വേണ്ട എന്ന് കരുതി പറഞ്ഞത്' ; പെണ്‍വിലക്കില്‍ വിചിത്ര ന്യായീകരണവുമായി സമസ്ത
Published on

പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ വിചിത്ര ന്യായീകരണവുമായി സമസ്ത നേതാക്കള്‍. പെണ്‍കുട്ടിയെ അപമാനിക്കാന്‍ വേണ്ടി ചെയ്തതല്ല, ഉസ്താദുമാരൊക്കെ ഇരിക്കുന്ന വേദിയില്‍ പെണ്‍കുട്ടിയെ വിളിച്ചപ്പോള്‍ അവള്‍ക്ക് മാനസികമായി അതൊരു പ്രയാസമാണോ എന്ന് തോന്നിയാണ് എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ അത്തരമൊരു പ്രതികരണം നടത്തിയതെന്ന വിചിത്ര ന്യായീകരണമാണ് വിഷയത്തില്‍ സമസ്ത നടത്തിയത്. എം.ടി അബ്ദുള്ള മുസ്ലിയാരെ വേദിയില്‍ ഇരുത്തിയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശദീകരണം നല്‍കിയത്.

സാധാരണ സ്ത്രീകളാകുമ്പോള്‍ ഒരു ലജ്ജ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള രീതി സമസ്തക്ക് ഇല്ല. മറയ്ക്ക് അപ്പുറം ഇരുന്ന് കൊണ്ട് അവര്‍ സന്തോഷിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള രീതി സമസ്തക്ക് ഇല്ല. മറയ്ക്ക് അപ്പുറം ഇരുന്ന് കൊണ്ട് അവര്‍ സന്തോഷിക്കുമെന്ന് വിവാദ പരാമര്‍ശം നടത്തിയ എം.ടി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു.

ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്

പത്താം ക്ലാസ് പാസായ കുട്ടിയാണെങ്കില്‍ സ്വാഭാവികമായും അതൊരു വലിയ കുട്ടിയാണെന്ന് എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ക്ക് അറിയാമല്ലോ. ഈ കുട്ടിയെ അപമാനിക്കണം എന്നുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വരുന്നതിന് മുന്‍പ് അവള്‍ കയറാന്‍ പാടില്ല എന്നാണ് പറയേണ്ടത്. അങ്ങനെ അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞിട്ടില്ല. കുട്ടിയെ വിളിക്കുകയും സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്തു.

അപ്പോള്‍ ഈ കുട്ടിയുടെ മുഖത്ത് നോക്കിയപ്പോള്‍ അദ്ദേഹത്തിന് മനസിലായി, ഈ കുട്ടിക്ക് ഉസ്താദുമാരൊക്കെ ഇരിക്കുന്ന സദസിലേക്ക് വരുമ്പോള്‍ ഒരു ലജ്ജ ഉണ്ടെന്ന്. സാധാരണ സ്ത്രീകള്‍ക്ക് കുറച്ച് ലജ്ജ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.

ആ ഒരു ലജ്ജ ഈ കുട്ടിക്ക് ഉണ്ടെന്ന് മനസിലായി. അതുകൊണ്ട് കുട്ടിക്ക് മാനസികമായ ഒരു പ്രയാസമായോ എന്ന് തോന്നി. അങ്ങനെയെങ്കില്‍ ഇവിടെ വരുന്ന കുട്ടികളൊക്കെ ഇതുപോലെയാണോ, അവരെയൊക്കെ വിളിച്ചാല്‍ പ്രയാസമാകുമോ എന്ന് അദ്ദേഹത്തിന് തോന്നി. അതുകൊണ്ട് അദ്ദേഹത്തിന് ആധികാരികമായി പറയാന്‍ പറ്റുമെന്ന് തോന്നിയ ഒരാളോടാണ് ഇനി ഇങ്ങനെ വിളിക്കാന്‍ പാടില്ല എന്ന് പറഞ്ഞത്.

കുട്ടികളെ അപമാനിക്കാന്‍ വേണ്ടിയല്ല, കുട്ടികള്‍ക്ക് വിഷമം ഇല്ലാതിരിക്കാന്‍ വേണ്ടി പറഞ്ഞതാണ്. അദ്ദേഹത്തിന്റെ ശൈലി അതാണ്. ഞങ്ങള്‍ നാട്ടിലെ സ്ത്രീകള്‍ക്ക് അപമാനമുണ്ടാക്കുന്ന സംഘടനയൊന്നുമല്ല. തീവ്ര ആശയങ്ങള്‍ക്കോ വര്‍ഗീയ ആശയങ്ങള്‍ക്കോ ഒന്നും ഞങ്ങള്‍ പിന്തുണ കൊടുക്കാറില്ല. രാജ്യത്തിന്റെ നന്മ നോക്കി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. അബ്ദുള്ള മുസ്‌ലിയാര്‍ എപ്പോഴും ഗൗരവത്തിലാണ് സംസാരിക്കുക. ഈ കുട്ടിക്കോ, കുടുംബക്കാര്‍ക്കോ പരാതി ഇല്ല. ഈ കുട്ടിക്ക് മാനസികമായ പ്രയാസമുണ്ടോ എന്ന് തോന്നി അദ്ദേഹം പ്രതികരിച്ചതാണ്.

പൊതുവേദിയില്‍ ചില മാനദണ്ഡങ്ങളുണ്ട്. ഇസ്‌ലാമിക നിയമങ്ങളുടെ അതിര്‍വരമ്പില്‍ നിന്നാണ് ഞങ്ങള്‍ സംസാരിക്കുന്നത്. കേസെടുക്കുന്നത് സ്വാഭാവികമാണ്. എന്ത് സംഗതിക്കും ആര്‍ക്കും കേസെടുക്കാം. ഗവര്‍ണര്‍ക്ക് നിയമങ്ങള്‍ അറിയുമോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. സ്ത്രീ വിദ്യാഭ്യാസത്തിന് ഞങ്ങള്‍ എതിരല്ല.

Related Stories

No stories found.
logo
The Cue
www.thecue.in