സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം, കരളിനും കൈ ഞരമ്പുകള്‍ക്കും ഗുരുതര പരിക്ക്; വെന്റിലേറ്ററില്‍

സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം, കരളിനും കൈ ഞരമ്പുകള്‍ക്കും ഗുരുതര പരിക്ക്; വെന്റിലേറ്ററില്‍
Published on

യു.എസില്‍ വെച്ച് വധശ്രമത്തിനിരയായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററിലാണെന്നും സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും. കൈ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. കരളിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും സല്‍മാന്‍ റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യൂ വൈയ്‌ലി പറഞ്ഞു.

സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ലക്ഷ്യമെന്തായിരുന്നു എന്നതിനെ സംബന്ധിച്ച് ഇതുവരെ പൊലീസ് കൃത്യമായ സ്ഥിരീകരണം നല്‍കിയിട്ടില്ല.

വയറിനും കഴുത്തിനുമാണ് റുഷ്ദിക്ക് കുത്തേറ്റത്. പെന്‍സില്‍വാനിയയിലെ എറീ ആശുപത്രിയിലാണ് സല്‍മാന്‍ റുഷ്ദിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനു തൊട്ട് മുന്‍പാണ് സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റത്. അവതാരകന്‍ പ്രഭാഷണത്തിന് ക്ഷണിച്ചതിന് തൊട്ട് മുമ്പായി ഒരാള്‍ സ്‌റ്റേജില്‍ കയറി റുഷ്ദിയെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.

സ്റ്റേജില്‍ വീണ റുഷ്ദിയെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിലേക്ക് ഹെലികോപ്റ്ററില്‍ എത്തിക്കുകയായിരുന്നു. അതേസമയം ആക്രമിയെ സംഭവ സ്ഥലത്ത് വെച്ച് കാണികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനാണ് സല്‍മാന്‍ റുഷ്ദി. 20 വര്‍ഷമായി അമേരിക്കയിലാണ് 75 കാരനായ റുഷ്ദി താമസിക്കുന്നത്.

ദ സാറ്റാനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരില്‍ 1980കളുടെ അവസാനം മുതല്‍ റുഷ്ദിക്ക് വധ ഭീഷണിയുണ്ട്. 1988ല്‍ പുസ്തകം ഇറാനില്‍ നിരോധിച്ചു. റുഷ്ദിയെ കൊല്ലുന്നവര്‍ക്ക് മൂന്ന് മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനി 1989 ഫെബ്രുവരി 14ന് പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in