24 മണിക്കൂറിനുള്ളില്‍ പണം കൊടുക്കാമെന്ന് രാജ്കുമാര്‍ പൊലീസിനോട് കൈകൂപ്പി പറഞ്ഞു; എസ്‌ഐ 50,000രൂപ കൈക്കൂലി ചോദിച്ചിരുന്നെന്ന് ശാലിനി
നെടുങ്കണ്ടം ഉരുട്ടിക്കൊലയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രാജ്കുമാറിനൊപ്പം പ്രതി ചേര്‍ത്തിരുന്ന ശാലിനി. എസ്‌ഐ സാബു 50,000 രൂപ തങ്ങളോട് കൈക്കൂലി ചോദിച്ചിരുന്നെന്ന് ശാലിനി പറഞ്ഞു. അത് കൊടുക്കുന്നതിന് മുമ്പ് പൊലീസിന്റെ കസ്റ്റഡിയിലായി. സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ രാജ്കുമാര്‍ എസ്‌ഐയോട് കൈകൂപ്പി അപേക്ഷിച്ചു. 'സാറേ ഞാന്‍ വാങ്ങിച്ച പൈസ തിരിച്ചുകൊടുക്കാനാണെങ്കില്‍ എനിക്ക് 24 മണിക്കൂര്‍ തരണേ സാറേ. അതല്ല ഈ ലോണ്‍ കൊടുക്കാനാണെങ്കില്‍ രണ്ട് ദിവസത്തെ കൂടി സാവകാശം തരണേ സാറേ' എന്ന് പറഞ്ഞു. എന്നിട്ടും പൊലീസുകാര്‍ ഉപദ്രവിക്കുകയായിരുന്നു. കോടികളുടെ തട്ടിപ്പ് നടന്നിട്ടില്ല. 15 ലക്ഷം രൂപയുടെ ഇടപാട് മാത്രമാണ് നടന്നതെന്നും ശാലിനി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഞാന്‍ ചെല്ലുമ്പോള്‍ സാര്‍ (രാജ്കുമാര്‍) ഷര്‍ട്ടിടാതെ നിലത്ത് ഇരിക്കുവാണ്. ഞങ്ങള്‍ ഓഫീസിലേക്ക് ചെന്നപ്പോള്‍ തന്നെ സാറിന്റെ ഷര്‍ട്ടും കൊന്തയും ഊരി വെപ്പിച്ച് മുട്ടുമടക്കി ഇരിക്കെടാ എന്ന് പറഞ്ഞിരുന്നു. മുട്ടുമടക്കി ഇരുന്ന ഉടനെ ചൂരലുകൊണ്ട് സാറിനെ കുറേ അടിച്ചു. അവര്‍ ശരിക്കും അടിച്ചു.
ശാലിനി
നാട്ടുകാര്‍ മര്‍ദ്ദിച്ചത് താന്‍ കണ്ടതാണെന്നും ക്രൂരമായി മരണത്തിലേക്ക് എത്തുന്ന രീതിയില്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും ശാലിനി വ്യക്തമാക്കി. ഒരു തട്ടിപ്പ് നടത്തിയ ആളെ ഉപദ്രവിക്കുന്ന രീതിയില്‍ മര്‍ദ്ദിച്ചു. പൊലീസുകാര്‍ ഉപദ്രവിക്കുന്നതുപോലെ അല്ലെന്ന് വ്യക്തമാണ്. അയാള്‍ മരിക്കത്തക്ക വിധത്തിലുള്ള ഉപദ്രവം അവിടെ നടന്നിട്ടില്ല. പൊലീസുകാര്‍ ശരിക്കും ഉപദ്രവിച്ചു. ഞാന്‍ ദൃക്‌സാക്ഷിയാണ്. എന്നെയും ഒരുപാട് ഉപദ്രവിച്ചു. അവളെ ഇങ്ങ് കൂട്ടിക്കൊണ്ട് വാടീ എന്ന് പറഞ്ഞ് എന്നെ വിളിച്ചു. നടക്കാന്‍ വയ്യായിരുന്നു. കാലിനടിച്ചതുകൊണ്ട് നീരുണ്ടായിരുന്നു. ഗീതു ഗോപിനാഥ് എന്ന പൊലീസുകാരിയാണ് എന്നെ ഒരുപാട് ഉപദ്രവിച്ചത്. പൊലീസുകാരുടെ പേര് എനിക്ക് കൃത്യയമായി അറിയില്ല. എസ്‌ഐയെ നന്നായിട്ടറിയാം. എസ്‌ഐ അടിപ്പിക്കുവായിരുന്നു. എന്നിട്ട് ഗീതുവിനോട് മുളക് പ്രയോഗം ചെയ്യാന്‍ പറഞ്ഞു. നിനക്ക് വയ്യെങ്കില്‍ താടി ഞാന്‍ ചെയ്യാം എന്ന് പറഞ്ഞു. അവള്‍ ചുരിദാറാ ഇട്ടിരിക്കുന്നെ എങ്കില്‍ പോലും ഞാന്‍ ചെയ്യാമെടി എന്നും എസ്‌ഐ പറഞ്ഞു. കഷണ്ടിയുള്ള ഒരു പൊലീസുകാരനും വെളുത്ത ഒരു പൊലീസുകാരനും എസ്‌ഐയുടെ ഒപ്പമുണ്ടായിരുന്നു. പേര് അറിയില്ല. വണ്ണമുള്ള ഒരാളും ഉണ്ടായിരുന്നു. റെജിയാണോ ബിജുവാണോ ശ്യാം ആണോ എന്നറിയില്ല. ഈ പേരുകള്‍ പരസ്പരം വിളിക്കുന്നത് കേട്ടിരുന്നു. എന്നെ മുളക് പ്രയോഗം ചെയ്തു. പച്ചമുളക് ഞെരടിയാണ് ചെയ്തതെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.
ഒമ്പത് പൊലീസുകാര്‍ മര്‍ദ്ദിച്ചു. ഡ്യൂട്ടിയില്‍ വരുന്നവരും പോകുന്നവരുമെല്ലാം മര്‍ദ്ദിച്ചുകൊണ്ടിരുന്നു. എസ്‌ഐയില്‍ കൈയില്‍ ഗ്ലൗസിട്ട് രാജ്കുമാറിന്റെ കണ്ണിലും ജനനേന്ദ്രിയത്തിലും മുളക് പ്രയോഗം നടത്തി. രണ്ട് പൊലീസുകാര്‍ തന്നോട് ലൈംഗീകപരാമര്‍ശങ്ങള്‍ നടത്തി.
ഇടനിലക്കാരന്‍ നാസറിനെ അറിയില്ല. നാസറാണ് പണം മുടക്കുന്നതെന്ന് രാജ്കുമാര്‍ പറഞ്ഞിരുന്നു. രാജ്കുമാര്‍ കൂടുതല്‍ പണം വാങ്ങിയോ എന്ന് അറിയില്ല. 63 പേരുടെ പണം രാജ്കുമാറിന്റെ കൈയില്‍ കൊണ്ടുപോയി കൊടുത്തു. മലപ്പുറത്ത് കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് തുക വാങ്ങിയത്. അതിന് ശേഷമുള്ള പൈസ അദ്ദേഹം അവിടെത്തന്നെ ചിലവഴിച്ചതായി വ്യക്തമായ അറിവുണ്ട്. ഈ തുക വെച്ചാണ് സ്ഥാപനം തുടങ്ങിയതും 14 സ്റ്റാഫുകള്‍ക്ക് ശമ്പളം കൊടുത്തതും. ആ തുക പുറത്തോട്ട് പോയിട്ടില്ല എന്ന് വ്യക്തമായ ധാരണ കിട്ടിയിട്ടുണ്ട്. ആളുകളില്‍ നിന്ന് പിരിക്കുന്ന പൈസ ചെലവായി പോകുമെന്ന് കണ്ടതുകൊണ്ടാണ് ബാങ്കില്‍ ഇടണമെന്ന് പറഞ്ഞത്. തന്നെ അപകടപ്പെടുത്തുമോ എന്ന പേടിയുണ്ട്. എസ്‌ഐയ്ക്ക് പിന്നില്‍ വേറെ ആളുകളുണ്ടോയെന്ന് സംശയിക്കുന്നതായും ശാലിനി പറഞ്ഞു.