സജി ചെറിയാന്റെ സ്റ്റാഫുകള്‍ക്ക് പുനര്‍നിയമനം; മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടി

സജി ചെറിയാന്റെ സ്റ്റാഫുകള്‍ക്ക് പുനര്‍നിയമനം; മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടി
Published on

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കൂട്ടി. മുന്‍ മന്ത്രി സജി ചെറിയാന്റെ ഓഫീസിലെ അഞ്ച് സ്റ്റാഫുകളെയാണ് റിയാസ് അടക്കമുള്ള മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ നിയമിച്ചത്.

ഇതോടെ മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 28 ആയി. മന്ത്രി റിയാസിന് പുറമെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് ബാക്കിയുള്ള സ്റ്റാഫിനെ പുനര്‍വിന്യസിച്ചിട്ടുണ്ട്. കായികം, യുവജനകാര്യം, സഹകരണ വകുപ്പുകളിലേക്കാണ് സ്റ്റാഫുകളെ നിയമിച്ചത്.

സജി ചെറിയാന്റെ സ്റ്റാഫിന് ജോലിയും പെന്‍ഷനും ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. സജി ചെറിയാന്‍ രാജിവെച്ചതിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ പുനര്‍നിയമിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കുന്നില്ല.

സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വി വി സൈനനെ മുഹമ്മദ് റിയാസിന്റെ ഓഫീസിലും സമാന പോസ്റ്റിലആണ് നിയമിച്ചത്. ഇതിന് പുറമെ ക്ലര്‍ക്കുമാരായിരുന്ന കെ സവാദ് സഞ്ജയന്‍, എം.ആര്‍ എന്നിവരെയും ഓഫീസ് അറ്റന്ററുമാരായി വിഷ്ണു പി., ജിബിന്‍ ഗോപിനാഥ് എന്നിവരെയുമാണ് നിയമിച്ചത്.

മുഹമ്മദ് റിയാസിന് പുറമെ മന്ത്രി അബ്ദുറഹിമാന്‍, മന്ത്രി വാസവന്‍ എന്നിവര്‍ക്കാണ് സ്റ്റാഫിനെ അനുവദിച്ചത്. പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം നേരത്തെ ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ ഉള്‍പ്പെടെ ഈ വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിരിച്ചുവിട്ടവരെ വീണ്ടും നിയമിച്ചുകൊണ്ടുള്ള നടപടി വന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in