കെ റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളില്‍ നിന്ന് ആളെ ഇറക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. കെ റെയില്‍ കല്ല് ഊരിയാല്‍ വിവരമറിയും. ബോധപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂര്‍ ഉള്‍പ്പെടെ നടക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.
തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കി വിടുകയാണ്. ഒരു കിലോമീറ്റര്‍ അപ്പുറവും ഇപ്പുറവും ബഫര്‍ സോണ്‍ ആണെന്നാണ് പറയുന്നത്. അങ്ങനെ ഒരു സംഭവമേ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ സമരത്തിലൂടെ തിരിച്ചുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.
സ്വാഭാവികമായും താമസിക്കുന്ന വീടിനോട് ഉണ്ടാകുന്ന വൈകാരിക ബന്ധത്തെയും അതേതുടര്‍ന്നുണ്ടാകുന്ന വൈകാരിക പ്രകടനങ്ങളെയും സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഒരാളെപോലും മര്‍ദ്ദിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മണ്ണെണ്ണയുമായി സ്ത്രീകളുടെയും കുട്ടികളുടെയും പിന്നില്‍ നിന്ന് ശരീരത്തിലേക്ക് ഒഴിക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും മന്ത്രി ആരോപിച്ചു. ബോധപൂര്‍വ്വം കലാപമുണ്ടാക്കി ഒരു വികസന പ്രവര്‍ത്തിയെ തടസ്സപ്പെടുത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ദേശീയപാത വികസനത്തില്‍ ഉള്‍പ്പെടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചു. കെ റെയില്‍ പദ്ധതിയുടെ കാര്യത്തിലും സര്‍ക്കാര്‍ വാക്ക് പാലിക്കുമെന്നും മന്ത്രി പറഞ്ഞു.