സിനിമാ കോണ്‍ക്ലേവിൽ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി സജി ചെറിയാൻ. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചില്ലേ സർക്കാർ കോൺക്ലേവ് സംഘടിപ്പിക്കുക എന്ന പാർവതി തിരുവോത്തിന്റെ വിമർശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് മന്ത്രി സജി ചെറിയാൻ ആവർത്തിക്കുന്നുണ്ട്. കോടതി ഒരു ഉത്തരവ് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ എല്ലാ വിവരങ്ങളും നല്‍കാൻ തയ്യാറാണ്. ധനകാര്യ മന്ത്രി ബാലഗോപാൽ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിൽ അഭിപ്രായ വ്യത്യാസമില്ല. കോൺക്ലേവ് ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ല. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തുന്നുവെന്ന ആരോപണം തെറ്റിദ്ധാരണ മൂലമാണ്. സിനിമാ മേഖലയിലെ ഭാവി നയം രൂപീകരിക്കാനുള്ള ദേശീയ കോൺക്ലേവ് ആണ് നടത്തുന്നത്. വിവിധ സംഘടനാ പ്രതിനിധികളാണ് പങ്കെടുക്കുക. കോണ്‍ക്ലേവുമായി മുന്നോട്ട് പോകും. വിഡി സതീശന്റെ പ്രതികരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സജി ചെറിയാൻ പറഞ്ഞു.
ഇരകളും വേട്ടക്കാരും ഒന്നിച്ചിരുന്നുള്ള ചര്‍ച്ചയാണോ കോണ്‍ക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം എന്നായിരുന്നു പാർവതിയുടെ പ്രതികരണം.
പാർവതി തിരുവോത്ത് പറഞ്ഞത്
ഇരകളും വേട്ടക്കാരും ഒന്നിച്ചിരുന്നുള്ള ചര്‍ച്ചയാണോ കോണ്‍ക്ലേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ കുട്ടികളെന്നു പരാമര്‍ശിച്ചത് ഗൗരവമായി പരിഗണിക്കണം. റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നതു പോലെ, മലയാള സിനിമയെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പുണ്ട് എന്നതിനു തെളിവാണ് തങ്ങള്‍ക്കുണ്ടായ ജോലി നഷ്ടം. പവര്‍ ഗ്രൂപ്പിലെ ആ 15 പേരുടെ പേരുകള്‍ പുറത്തുവരാതെയും അവരെ നേരിടാന്‍ കഴിയും. മൊഴി നല്‍കിയ ഓരോ സ്ത്രീയും കടന്നുപോയ സംഘര്‍ഷങ്ങള്‍ ഓര്‍ക്കണം. ഡബ്ല്യുസിസി ഉണ്ടായ കാലം മുതല്‍ പരിഹാസവും ഒറ്റപ്പെടലും നേരിട്ടിട്ടുണ്ട്. ഞങ്ങളുമായി സൗഹൃദം ഉണ്ടെന്നു തോന്നിയവരെ പോലും സിനിമയില്‍നിന്നു അകറ്റി. ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തു വന്നതോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നെന്ന തെറ്റിദ്ധാരണയില്ല. റിപോര്‍ട്ടില്‍ സര്‍ക്കാരിന്റെ പ്രായോഗിക നടപടികളിലേക്കാണ് ഉറ്റുനോക്കുന്നത്
ഇതിനകം ഞാൻ നിരവധി ഹിറ്റ് സിനിമകള്‍ ചെയ്‍തിട്ടും അവസരം നിഷേധിച്ചു. മോശമായി പെരുമാറിയവരുടെ പേര് തുറന്ന് പറഞ്ഞാല്‍ ഒറ്റപ്പെടുത്തും. സിനിമയില്‍ നിന്ന് ഇനിയും ഒഴിവാക്കപ്പെടും. കടുത്ത സൈബര്‍ ആക്രമണമാണ് അഭിപ്രായം പറഞ്ഞതിന് നേരിട്ടത്. ഡബ്ല്യുസിസിയില്‍ നിന്ന നിരവധി അംഗങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കാതിരുന്നിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തിലും മീ ടു ആരോപണം ഉന്നയിച്ചവര്‍ക്കുമൊക്കെ അങ്ങനെ ഡബ്ല്യുസിസിയുടെ ഭാഗമായവര്‍ക്ക് അവസരമില്ലാതായിട്ടുണ്ട്. ഇൻസ്റ്റാഗ്രാമില്‍ നിങ്ങളും ഡബ്ല്യുസിസിയാണോയെന്ന് പരിഹസിക്കുന്ന ചോദ്യം നേരിട്ട പോസ്റ്റ് സ്‍ത്രീകളുടേതായി കണ്ടിട്ടുണ്ട്. അങ്ങനെ കണ്ട് സംസാരിച്ചാല്‍ മതിയെന്നും പറഞ്ഞു ഒരു കുട്ടി. പിന്നീട് അവരോടുള്ള പെരുമാറ്റത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഡബ്ല്യുസിസിയുടെ അംഗമായി മാറിയാല്‍ പേടിപ്പിക്കുന്ന കാര്യം ആണോ. അങ്ങനെ പേടിക്കേണ്ടവര്‍ക്ക് മാത്രമേ പേടിക്കേണ്ടത് ഒള്ളു.
എനിക്ക് അവസരം കിട്ടിയില്ല എന്നത് തനിക്ക് പ്രശ്‍നമല്ല. ടേക്ക് ഓഫ്, കൂടെ, ഉയരെ സിനിമകളൊക്കെ വൻ വിജയമായി. എന്തുകൊണ്ടാണ് എന്നിട്ടും ഒരുപാട് മലയാള സിനിമകളില്‍ അവസരം ലഭിക്കാതിരുന്നത്. സിനിമ ഒന്ന് ഹിറ്റായാല്‍ അഞ്ച് വര്‍ഷം നിരവധി അവസരങ്ങളുണ്ടാകും. അങ്ങനെ വലിയ അവസരങ്ങള്‍ എനിക്ക് മലയാള സിനിമയില്‍ നിന്ന് ഉണ്ടായിട്ടില്ല. പ്രൊജക്റ്റകള്‍ അങ്ങനെ സാധാരണ വരാതിരിക്കില്ല. അതിനാല്‍ എനിക്ക് പിന്നീട് മലയാള സിനിമയില്‍ അവസരം ലഭിക്കാതിരുന്നത് സംശയമുണ്ടാക്കുന്നതാണ്. പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല. അതുകൊണ്ട് ഞാൻ ഡബ്ല്യുസിസി അംഗമാകാതിരിക്കില്ല. ഒരു നടിയെന്ന നിലയില്‍ എന്തായാലും താൻ അതിജീവിക്കും എന്ന് ഉറപ്പ് ഉണ്ട്.