കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കും സംഭവം കാരണമായി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രത്തെ പിന്തുണച്ചുകൊണ്ടുള്ള സച്ചിന്റെ ട്വീറ്റിനെതിരായ വിമര്‍ശനം, നേരത്തെ സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ മലയാളികളുടെ 'പൊങ്കാല'യ്ക്ക് വിധേയയായ മരിയ ഷറപ്പോവയുടെ പേജില്‍ വരെയെത്തി. ഷറപ്പോവയോട് മാപ്പ് പറഞ്ഞുകൊണ്ടുള്ളതാണ് കമന്റുകള്‍.
'അന്ന് ഒരു ദൈവത്തിന് വേണ്ടി ഒരുപാട് തെറിവിളിച്ചു, എല്ലാത്തിനും സോറി, ആ ദൈവം ഒരു കള്ള ദൈവമായിരുന്നു', എന്നാണ് ഒരു കമന്റ്. അന്ന് വിമര്‍ശിച്ചതിന് ക്ഷമചോദിക്കുന്നതായായിരുന്നു മറ്റൊരാളുടെ കമന്റ്. ഇങ്ങനെ മലയാളത്തിലുള്ള നിരവധി കമന്റുകളാണ് മരിയ ഷറപ്പോവയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിറയുന്നത്.
ഇതിനൊപ്പം 1983 എന്ന ചിത്രത്തില്‍ ശ്രിന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രവും ട്രോളുകള്‍ക്ക് കാരണമായിട്ടുണ്ട്. ചിത്രത്തിലെ ഒരു രംഗത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന രമേശന്‍ എന്ന കഥാപാത്രത്തോട് മുറിയില്‍ ഒട്ടിച്ചു വെച്ചിരിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ചിത്രം കാട്ടി ഇതാരാ ചേട്ടാ എന്ന് ശ്രിന്ദയുടെ കഥാപാത്രം ചോദിക്കുന്നുണ്ട്. ഇതാരാണെന്ന് നിനക്ക് അറിയില്ലേ എന്ന് ചോദിക്കുമ്പോള്‍ ഞാനീ ഹിന്ദി സിനിമ ഒന്നും കാണാറില്ല എന്നായിരുന്നു സുശീലയുടെ മറുപടി. ഈ രംഗത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
സച്ചിനെ അറിയാത്തതില്‍ വലിയ തെറ്റില്ലെന്നും, ചേച്ചി ആയിരുന്നു ശരി മാപ്പെന്നും അടക്കമുള്ള കുറിപ്പുമായാണ് ചിത്രത്തിലെ സുശീലയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.
കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിയാന പങ്കുവെച്ച ട്വീറ്റില്‍ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. നമ്മള്‍ എന്താണ് ഇതേകുറിച്ച് സംസാരിക്കാത്തതെന്നായിരുന്നു കര്‍ഷക സമരം സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ച് റിയാന കുറിച്ചത്. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗും കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരുടെ പ്രതികരണമുണ്ടായത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും, പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല, ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, അവര്‍ തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഐക്യത്തോടെ തുടരാമെന്നും സച്ചിന്റെ ട്വീറ്റില്‍ പറഞ്ഞിരുന്നു.