കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ ഏറ്റവു കൂടുതല്‍ പരിശ്രമിച്ചയാളാണ് താനെന്ന് കിറ്റക്‌സ് എം.ഡി സാബു എം.ജേക്കബ്. മനോരമ ന്യൂസ് മേക്കര്‍ പരിപാടിയിലായിരുന്നു സാബു എം. ജേക്കബിന്റെ പരാമര്‍ശം.
കേരളത്തെ രക്ഷപ്പെടുത്തണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനല്ലാതെ മറ്റൊരാള്‍ക്കും സാധിക്കില്ല എന്നുള്ളതുകൊണ്ടാണ് 2020ല്‍ നടന്ന് ആഗോള നിക്ഷേപ സംഗമത്തിന് നേതൃത്വമെടുത്തതെന്നും സാബു എം. ജേക്കബ് പറഞ്ഞു. അതേസമയം കേരളത്തിലേക്ക് നിക്ഷേപം നടത്തില്ല എന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.
സാബു എം ജേക്കബ് പറഞ്ഞത്
കഴിഞ്ഞ ടേമില്‍ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ച ആളാണ് ഞാന്‍. അങ്ങനെ ശ്രമിച്ചത് കേരളത്തെ രക്ഷപ്പെടുത്തണമെങ്കില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിക്കല്ലാതെ മറ്റൊരാള്‍ക്കും സാധിക്കില്ല എന്നുള്ളതുകൊണ്ടാണ്.
2020 ജനുവരിയില്‍ ആഗോള നിക്ഷേപം നടന്നു. അതിന്റെ പിന്നില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഞാനാണ്. എന്റെ ഒരു താത്പര്യത്തിന്റെ പേരിലാണ് മുഖ്യമന്ത്രി അതുമായി ബന്ധപ്പെട്ട് മുന്നോട്ടു പോയത്. അന്ന് പ്രഖ്യാപിച്ച 3500 കോടിയാണ് ഞാനിപ്പോള്‍ തെലങ്കാനയില്‍ കൊണ്ടു പോകുന്നത്.
ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപം ഞാനാണ് മറ്റ് പലരെയും കൊണ്ട് ബോധ്യപ്പെടുത്തി കേരളത്തിലേക്ക് കൊണ്ടു വന്നത്. അതില്‍ ഒരു കോടി പോലും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചില്ല.
മുഖ്യമന്ത്രി ആത്മാര്‍ത്ഥമായി വ്യവസായം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. അതല്ല ഇവിടുത്തെ പ്രശ്‌നം മുഖ്യമന്ത്രിയുടെ തീരുമാനം ഇവിടുത്തെ എം.എല്‍.എമാരും പാര്‍ട്ടി അണികളും സഖാക്കളും നടപ്പിലാക്കുന്നുണ്ടോ എന്നുള്ളതാണ്.
കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജനെതിരെയും സാബു എം ജേക്കബ് വിമര്‍ശനം ഉന്നയിച്ചിരുന്നു.
''വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യത്തിലേക്കാണ് വന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പാര്‍ട്ടി അടിസ്ഥാനത്തില്‍ ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിന്ന് കൊണ്ടാണ് എന്നെ അറ്റാക്ക് ചെയ്തത്. ആ ജില്ല ഭരിക്കുന്ന ആളുകള്‍ ചേര്‍ന്ന് അങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ അതിനു മുകളിലുള്ള ആളുടെ അടുത്ത് പോയി അത് പറഞ്ഞാല്‍ ഒരു ഫലവുമുണ്ടാവില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേഡര്‍ സിസ്റ്റം വിട്ട് നില്‍ക്കില്ല. കുന്നത്തുനാടിന്റെ വികസനത്തിനല്ല എം.എല്‍.എ ശ്രമിക്കുന്നത്. കിറ്റക്‌സ് എങ്ങനെ അടച്ചുപൂട്ടാനാണ് ശ്രമിക്കുന്നത്,'' എന്നായിരുന്നു സാബു എം. ജേക്കബ് ആരോപിച്ചത്.