'ശബരിമല ചെമ്പോല വ്യാജം', യാഥാര്‍ത്ഥ്യമെന്ന് സര്‍ക്കാര്‍ ഒരുഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

'ശബരിമല ചെമ്പോല വ്യാജം', യാഥാര്‍ത്ഥ്യമെന്ന് സര്‍ക്കാര്‍ ഒരുഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
Published on

തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലുണ്ടായിരുന്ന ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ചെമ്പോല വ്യാജമെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ട്, ചെമ്പോല യാഥാര്‍ത്ഥ്യമാണെന്ന് സര്‍ക്കാര്‍ ഒരുഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്തിനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നതില്‍ വ്യക്തതയില്ല. അദ്ദേഹം പോയതിന് ശേഷമുള്ള നടപടികളെ കുറിച്ചാണ് വിശദീകരിച്ചത്. സംശയം തോന്നിയതോടെയാണ് ബെഹ്‌റ ഇഡി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തട്ടിപ്പ് കേസില്‍ അന്വേഷണം നടക്കുകയാണ്. പുരാവസ്തുവാണോ എന്ന് പരിശോധിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ്. കൊക്കൂണ്‍ സമ്മേളനത്തില്‍ മോന്‍സണ്‍ പങ്കെടുത്തതായി രജിസ്റ്ററില്‍ കാണുന്നില്ല. രാഷ്ട്രീയനേതാക്കള്‍ തട്ടിപ്പിന് വിധേയരായവമാണെങ്കില്‍ അവര്‍ ആവശ്യപ്പട്ടാല്‍ അന്വേഷണം നടത്തും. എന്നാല്‍ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷണം പരിധിയില്‍ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യാജ രേഖയായ ചെമ്പോല പ്രധാനപ്പെട്ട രേഖയാണെന്ന് കാണിച്ച് പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ നടപടിയുണ്ടാകുമോ എന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ശബരിമലയിലെ ചരിത്രത്തെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും 351 വര്‍ഷം പഴക്കമുള്ള ഒരു പുരാവസ്തുരേഖ ഉണ്ടായിരുന്നു, ആ രേഖ പ്രധാനപ്പെട്ട ഒരു രേഖയാണ് എന്ന് കാണിച്ച് ദേശാഭിമാനി പത്രം ഒരിക്കല്‍ പ്രസിദ്ധീകരിച്ചിരുന്നു. തെറ്റായ ഒരു രേഖ, വ്യാജമായ ഒരു ചെമ്പോല പ്രസിദ്ധീകരിച്ചതില്‍ ദേശാഭിമാനി പത്രത്തിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുമോ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in