പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിയ്ക്കെതിരെ കടുത്ത രീതിയിലുള്ള പരാമർശങ്ങളുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെ. മദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെ പറഞ്ഞു. കേരളത്തിലേയ്ക്ക് പോകാനുള്ള അനുവാദം ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്നായിരുന്നു സുപ്രീംകോടതിയോട് ഹര്‍ജിയിലൂടെ മദനി ആവശ്യപ്പെട്ടത്. ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് കേരളത്തിലേയ്ക്ക് പോകാൻ മഅദനി കോടതിയോട് അനുവാദം ചോദിച്ചത്. ഹർജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. മഅദനിക്കു വേണ്ടി ജയന്ത് ഭൂഷൺ, ഹാരിസ് ബീരാൻ എന്നിവരാണ് കോടതിയിൽ ഹാജരായത്.
ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മദനിക്ക് 2014 ല്‍ ജാമ്യം ലഭിച്ചിരുന്നു. ബെംഗളൂരു നഗരം വിട്ട് പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. ഈ വ്യവസ്ഥ ഒരു ഘട്ടത്തില്‍ പോലും മഅദനി ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ബെംഗളൂരുവിൽ കൊറോണ കേസുകളുടെ എണ്ണം കൂടുന്നതിനാൽ ആവശ്യമായ ചികത്സ ലഭിക്കുന്നില്ലെന്നും അച്ഛന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും മഅദനി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.