'ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍'; തടയാന്‍ നിര്‍ദേശം നല്‍കി കെ രാധാകൃഷ്ണന്‍

'ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍'; തടയാന്‍ നിര്‍ദേശം നല്‍കി കെ രാധാകൃഷ്ണന്‍
Published on

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ ഇപ്പോഴും ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ മാസ് ഡ്രില്‍ നടത്തുന്നതായും ദേവസ്വം കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു.

ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസ് പരിശീലനം തടയാന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ അസിസ്റ്റന്റ് കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ക്ഷേത്ര ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം കൊച്ചി, കൂടല്‍മാണിക്യം, ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇതുവരെ ആര്‍.എസ്.എസ് ശാഖാ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മലബാര്‍, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് വലിയ തോതില്‍ ഭൂമി നഷ്ടമായിട്ടുണ്ടെന്നും ദേവസ്വം മന്ത്രി അറിയിച്ചു. 25,187.4 ഏക്കര്‍ ഭൂമി ആകെ കൈയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. സ്‌പെഷല്‍ ടീം നടത്തിയ സര്‍വ്വേയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിലെ 1123 ക്ഷേത്രങ്ങളുടെ 24693.4 ഏക്കര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തിയെന്നും മന്ത്രി അറിയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വത്തിലെ 494 ഏക്കര്‍ ക്ഷേത്ര ഭൂമിയാണ് നഷ്ടമായത്. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ വരുന്ന മണത്തല വില്ലേജ് ദ്വാരക ബീച്ചിന് സമീപത്തുള്ള ഭൂമിയും കൈയ്യേറ്റം ചെയ്യപ്പെട്ടു. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ 5568.99 ഏക്കര്‍ അന്യാധീനപ്പെട്ടെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in