ഗോള്‍വാള്‍ക്കറെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന് നോട്ടീസ് അയച്ച് ആര്‍.എസ്.എസ്. പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
മുന്‍ മന്ത്രി സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.
എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ ഇല്ലെന്നാണ് നോട്ടീസില്‍ പറയുന്നത്. സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്‌സില്‍ എവിടെയാണ് എന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന മന്ത്രിയുടെ പ്രഖ്യാപനം ആര്‍.എസ്.എസിന്റെ അഭിപ്രായത്തിന് സമാനമാണ്. മന്ത്രി ഉയര്‍ത്തുന്നത് ആര്‍.എസ്.എസിന്റെ ആശയങ്ങളാണ്. അദ്ദേഹം രാജിവെച്ച് ആര്‍.എസ്.എസില്‍ ചേരുന്നതാണ് നല്ലതെന്നുമായിരുന്നു വിഡി സതീശന്‍ പറഞ്ഞത്.
സജി ചെറിയാന്‍ ഉച്ചരിച്ച വാചകങ്ങള്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്‌സ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ആര്‍.എസ്.എസ് ആശയങ്ങള്‍ പഠിച്ച് വരികയാണ് മന്ത്രി. സംസ്ഥാന മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും സജി ചെറിയാന് ആര്‍.എസ്.എസിന്റെ സഹായത്തോടെ കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കും. ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നതിനേക്കാള്‍ ആര്‍ജവത്തോടെയാണ് അവരുടെ ആശയങ്ങള്‍ സജി ചെറിയാന്‍ പറയുന്നത്. എങ്ങനെയാണ് ഇത്രയും നീചമായ വാക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കുക എന്നും സതീശന്‍ ചോദിച്ചു.