ജനം ചാനലുമായി ആര്‍എസ്എസിന് ബന്ധമില്ലെന്ന് സംസ്ഥാന കാര്യവാഹക് പി ഗോപാലന്‍കുട്ടി. ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷണ സംഘം കണ്ടെത്തട്ടെ. അന്വേഷണസംഘത്തിന് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്നും പി ഗോപാലന്‍കുട്ടി ദ ക്യുവിനോട് പറഞ്ഞു.
ജനം ചാനലുമായി ആര്‍എസിഎസിനോ ബിജെപിക്കോ ബന്ധമില്ല. അത് സ്വതന്ത്ര ചാനലാണ്. ദേശീയ ചാനല്‍ എന്ന നിലയില്‍ ആര്‍എസ്എസ് പിന്തുണച്ചിട്ടുണ്ട്. ചാനലില്‍ ദേശീയ കാര്യങ്ങളും സത്യസന്ധമായ വാര്‍ത്തകളും വരുന്നതിനാലാണ് പിന്തുണയ്ക്കുന്നത്. ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെതാണ് ചാനല്‍. അതില്‍ ഭൂരിഭാഗം പേരും സംഘവുമായി ബന്ധമുള്ള സ്വയംസേവകരാണ്. ചാനല്‍ തമ്മുടെതാണെങ്കിലും സ്വര്‍ണക്കടത്തില്‍ ചോദ്യം ചെയ്താലും വേണ്ടെന്ന് പറയാനാകില്ല.
അനില്‍ നമ്പ്യാരും സ്വപ്‌നയെ സഹായിച്ചുവെന്ന രീതിയില്‍ ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ വ്യാഖ്യാനങ്ങളാണ്. കേസില്‍ ഉള്‍പ്പെട്ട ആളുകളും വീണുരുണ്ടുപോയ പാര്‍ട്ടികളുടെയും താല്‍പര്യങ്ങളാണ് ഇതിന് പിന്നില്‍. സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ സ്ഥലത്ത് എത്തിയതിന്റെ പേരിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. ഈ നാട്ടില്‍ ഇതൊക്കെ നടക്കും. അന്വേഷണ ഏജന്‍സി അന്വേഷിക്കട്ടെ, കണ്ടുപിടിച്ചോട്ടെ, കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കട്ടെ. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സിയായതിനാല്‍ തങ്ങളോട് അനുഭാവമുള്ളവരെ ചോദ്യം ചെയ്യരുതെന്ന നിലപാടില്ല. ചോദ്യം ചെയ്യുന്നുവെന്നത് ഒരാള്‍ കുറ്റക്കാരനാണെന്നത് കൊണ്ടാവണമെന്നില്ല. ആര്‍എസ്എസ് പറഞ്ഞിട്ടില്ല ആരെയും നിയമിച്ചത്. അതുകൊണ്ട് വേവലാതിയില്ലെന്നും പി ഗോപാലന്‍കുട്ടി ദ ക്യുവിനോട് പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ജനം ചാനലുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്നു.അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതില്‍ രാഷ്ട്രീയമില്ലെന്നും ബിജെപിക്കാരായ ആരും ചാനലില്‍ ഇല്ലെന്നുമായിരുന്നു പ്രതികരണം. ഈ നാട്ടിലെ ദേശസ്‌നേഹികളുടെ ചാനലാണ് ജനമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിജെപി, സംഘപരിവാര്‍ അനുഭാവമുള്ള ചാനലാണ് ജനമെന്ന് സൂചിപ്പിക്കുന്ന സുരേന്ദ്രന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ സംഘം നാലേമുക്കാല്‍ മണിക്കൂര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തു. നയതന്ത്ര പാഴ്‌സലിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ രക്ഷപ്പെടാനുള്ള വഴി ഉപദേശിച്ചത് അനില്‍ നമ്പ്യാരാണെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. കുറ്റമേല്‍ക്കാനായി സരിതിനോട് പറയണമെന്നും അനില്‍ നമ്പ്യാര്‍ പറഞ്ഞിരുന്നു. സ്വര്‍ണം പിടികൂടിയ ദിവസം സ്വപ്‌നയുമായി രണ്ട് തവണ ഫോണില്‍ സംസാരിച്ചതാണ് അന്വേഷണം അനില്‍ നമ്പ്യാരിലേക്ക് നീങ്ങാന്‍ കാരണം.