കൊലക്കേസ് പരിഗണിക്കാന്‍ പ്രതിയെക്കൊണ്ട് മുടിമുറിപ്പിച്ച് കോടതി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതിയോട് മുടി വെട്ടിയിട്ട് കൂട്ടില്‍ കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. പിന്നീട് മുടി വെട്ടിയതിന് ശേഷമാണ് പ്രതിയുടെ കേസ് പരിഗണിച്ചത്. മേലാല്‍ ഫ്രീക്കനായി കോടതിയില്‍ വരരുതെന്ന് കോടതി പ്രതിക്ക് താക്കീതും നല്‍കി.
കൊലക്കേസ് പ്രതിയായ കുമാറിനോടായിരുന്നു കോടതിയുടെ ആവശ്യം. മേസ്തിരിപ്പണിക്കാരനായ പ്രതിക്ക് തലയേക്കാള്‍ നീളത്തില്‍ മുടിയുണ്ടായിരുന്നെന്നും അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജോസ് എന്‍ സിറിലാണ് മുടി മുറിക്കാതെ പ്രതിയുടെ കേസ് കേള്‍ക്കില്ലെന്ന് ആവശ്യപ്പെട്ടതെന്നും 'ഏഷ്യാനെറ്റ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസ് വിളിക്കവെ പ്രതിക്കൂട്ടില്‍ കയറി നിന്ന പ്രതിയെ ഡയസിനരികിലേക്ക് വിളിച്ച് കോടതി ആദ്യം എന്താണ് ജോലിയെന്ന് ചോദിച്ചു. മേസ്തിരിപ്പണിയാണെന്ന് മറുപടി പറഞ്ഞപ്പോള്‍ 'എന്താടോയിത്? ഒരു നാലു കിലോ സിമന്റെങ്കിലും തന്റെ തലയില്‍ കൊള്ളണ്ടേ?'യെന്ന് ജഡ്ജി ചോദിച്ചു. കേസ് പരിഗണിക്കുന്നത് തല്‍ക്കാലം മാറ്റി വയ്ക്കുകയാണ്. ഉടനേ ഇറങ്ങിപ്പോയി പോയി തലമുടി വെട്ടി വരണമെന്നും വ്യക്തമാക്കി.
കോടതിയെ പറ്റിക്കരുത്. കേസ് വീണ്ടും വിളിക്കും. അപ്പോഴേക്ക് മുടി വെട്ടിയിട്ട് വേണം കൂട്ടില്‍ കയറി നില്‍ക്കാന്‍
ജഡ്ജി ജോസ് എന്‍ സിറില്‍
ആദ്യം മുടി വെട്ടാന്‍ മടിച്ച കോടതിക്ക് മനം മാറ്റമുണ്ടാകുമെന്ന് കരുതി കോടതി വളപ്പില്‍ അരമണിക്കൂറോളം കറങ്ങി നടന്നു. പിന്നീട് കോടതിയില്‍ നിന്ന് കനിവുണ്ടാവില്ലെന്ന് മനസിലാക്കി മുടി വെട്ടുകയും അതിന് ശേഷം കോടതിയില്‍ വരുകയും ചെയ്തു. മേലില്‍ ഫ്രീക്കനായി കോടതിയില്‍ വരരുതെന്ന താക്കീത് നല്‍കിയ ശേഷമാണ് കോടതി കേസ് വിളിച്ച് പ്രതിയെ കൂട്ടില്‍ കയറ്റിയതും കേസ് കേട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.