ഹലാല്‍ വിരുദ്ധ പ്രചരണം നടത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെയും അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഈ രണ്ട് വിഷജന്തുക്കളെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം ഇരട്ടച്ചങ്കന് ഉണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിച്ച് റിജില്‍ ഫേസ്ബുക്ക് പോസ്റ്റില്‍.
ഹലാല്‍ എന്ന പേരില്‍ ഹോട്ടലുകളില്‍ തുപ്പിയ ഭക്ഷണം നല്‍കുന്നുവെന്ന കെ.സുരേന്ദ്രന്റെ വിദ്വേഷ പ്രചരണം വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. തുപ്പല്‍ ഭക്ഷണം നല്‍കാന്‍ കേരളമെന്താ ഇസ്ലാമിക രാജ്യമാണോ എന്നും പാലക്കാട്ട് കെ.സുരേന്ദ്രന്‍ ചോദിച്ചിരുന്നു.
തുപ്പലില്ലാതെ ഒരു മുസ്ലീം ഹോട്ടലില്‍ നിന്നു പോലും ഭക്ഷണം കഴിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പ്രതികരണം. 2016 ലെ തെരഞ്ഞെടുപ്പില്‍ ഖത്തീബ് തന്റെ ശരീരത്തില്‍ മന്ത്രിച്ച് തുപ്പിയെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
'തുപ്പല്‍ വീഡിയോ'യില്‍ തുടങ്ങിയ വിദ്വേഷ പ്രചരണം
ഹലാല്‍ ഭക്ഷണം തയ്യാറാക്കിയ ശേഷം തുപ്പുമെന്ന വ്യാജപ്രചരണം വന്നത് ഹിന്ദുത്വ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നാണ്. തുപ്പല്‍ ഭക്ഷണമെന്ന പേരില്‍ നവംബര്‍ തുടക്കത്തില്‍ പ്രചരിച്ച വീഡിയോ ക്ലിപ്പ് ഹലാല്‍ ഭക്ഷണത്തില്‍ ഇസ്ലാമിക മതാചാരത്തിന്റെ ഭാഗമായി തുപ്പുമെന്ന ദുര്‍വ്യാഖ്യാനമാക്കി മാറ്റി. ഉറൂസ് പോലൊരു ചടങ്ങില്‍ ബിരിയാണി തയ്യാറാക്കിയ ശേഷം അതില്‍ നിന്ന് ഒരു പ്ലേറ്റിലെടുത്ത് മാറ്റി മന്ത്രിച്ച് ഊതുന്ന വീഡിയോയാണ് ഹലാല്‍ ഭക്ഷണത്തില്‍ മതപുരോഹിതന്‍ തുപ്പാറുണ്ടെന്ന വ്യാജപ്രചരണമായതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ദര്‍ഗകളില്‍ ഉറൂസ് വേളകളില്‍ നേര്‍ച്ച ഭക്ഷണം തയ്യാറാക്കിയതിന് ശേഷം മതപുരോഹിതന്‍ ഖുര്‍ ആന്‍ വചനങ്ങളുച്ചറിച്ച് മന്ത്രിച്ചൂതുന്നതാണ് 'തുപ്പല്‍ ഭക്ഷണ'മെന്ന രീതിയില്‍ വ്യാജപ്രചരണമാക്കിയതെന്ന് ഫാക്ട് ചെക്കിംഗ് വെബ് സൈറ്റായ alt news റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബര്‍ ആറ് മുതല്‍ എട്ട് വരെ പയ്യന്നൂര്‍ താജുല്‍ ഉലമ ദര്‍ഗയില്‍ നടന്ന ഉറൂസിലെ ചടങ്ങാണ് ഹലാല്‍ ഭക്ഷണം തയ്യാറാക്കിയ ശേഷം തുപ്പുമെന്ന് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. വസ്തുത ഇതായിരിക്കെ തന്നെ ബിജെപി ദേശീയ വക്താവ് ഗൗരവ് ഗോയല്‍ ഉള്‍പ്പെടെ 'തുപ്പല്‍ ഫുഡ്' എന്ന പേരില്‍ ട്വീറ്റുകളിലൂടെ ഈ വ്യാജ പ്രചരണം ഏറ്റെടുത്തു.