അവനോവിലോന അനന്യകുമാരിക്ക് സമര്‍പ്പിച്ച് ചലച്ചിത്ര അക്കാദമി

അവനോവിലോന അനന്യകുമാരിക്ക് സമര്‍പ്പിച്ച് ചലച്ചിത്ര അക്കാദമി
Published on

റീജിയണല്‍ ഐഎഫ്എഫ്‌കെ വേദിയില്‍ അവനോവിലോനയുടെ പ്രദര്‍ശനം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും അവതാരകയുമായ അനന്യകുമാരി അലക്‌സിന് സമര്‍പ്പിച്ച് ചലച്ചിത്ര അക്കാദമി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു അനന്യ കുമാരി അലക്‌സ്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചുവെന്ന് അനന്യ കുമാരി അലക്സ് ആരോപിച്ചതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

നടന്‍ സന്തോഷ് കീഴാറ്റൂര്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് അവനോവിലോന. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതം പറയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷെറി, ടി ദീപേഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍ തന്നെയാണ് പ്രധാന വേഷം അഭിനയിക്കുന്നത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഇരുപതോളം ട്രാന്‍സ്ജെന്‍ഡേഴ്സ് അവനോവിലോനയുടെ ഭാഗമായിട്ടുണ്ട്. കാസര്‍കോഡ് സ്വദേശിനി വര്‍ഷ ജിത്തു നീലേശ്വരമാണ് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍. ട്രാന്‍സ്‌ജെന്‍ഡര്‍മാരായ റിയ ഇഷ കോസ്റ്റിയൂംസും മണിക്കുട്ടി മേക്കപ്പും നിര്‍വഹിക്കുന്നുണ്ട്. രവീണ, ലാവണ്യ, കാര്‍ത്തിക, വാണി, ലിജ ലൈജു, കൃഷ്‌ണേന്ദു, സിതാര, സിനി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എഡ്ഡി എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തിലൂടെയാണ് സിനിമ കഥ പറയുന്നത്. സുവിശേഷകന്റെ മകനായ എഡ്ഡി നാടുവിടുന്നതും പിന്നീട് തിരിച്ചുവരുന്നതും അതിനുശേഷമുള്ള സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. നടന്‍ സന്തോഷ് കീഴാറ്റൂരാണ് എഡ്ഡിയെ അവതരിപ്പിക്കുന്നത്. സംവിധായകരിലൊരാളായ ഷെറിയുടേതാണ് രചന. സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ്-നിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്തോഷ് കീഴാറ്റൂരും ശ്രീമ അനിലും ചേര്‍ന്നാണ് നിര്‍മാണം.

Related Stories

No stories found.
logo
The Cue
www.thecue.in