വളര്‍ത്തുമൃഗങ്ങളെ അനുവദിക്കാനാകില്ലെന്നും ലിഫ്റ്റ് പോലുള്ള സംവിധാനങ്ങളില്‍ അവയെ കയറ്റരുതെന്നും റസിഡന്റ്‌സ് അസോസിയേഷനുകള്‍ നിര്‍ദേശിക്കുന്നത് നിയമവിരുദ്ധം എന്ന് കേരള ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തംനാടായ കേരളത്തില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ഈ വിവേചനം അംഗീകരിക്കാനാകാത്തതാണെന്നും കോടതി പറഞ്ഞു.
വളര്‍ത്തുമൃഗങ്ങളെ വിലക്കുന്ന പ്രവൃത്തിയെ നിയമവിരുദ്ധമെന്നും ഭരണഘടനാവിരുദ്ധമെന്നും വിശേഷിപ്പിച്ച കോടതി അത്തരത്തിലൊരു നിയമം നടപ്പിലാക്കാന്‍ സാധിക്കാത്തതാണെന്ന് കൂടി പറഞ്ഞു. റസിഡന്റ്‌സ് അസോസിയേഷനുകള്‍ മൃഗങ്ങളെ വിലക്കുന്ന നോട്ടീസുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍കണമെന്നും പകരം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനാണ് ശ്രമിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടനയ്ക്ക് വേണ്ടി അഭിഭാഷകനായ ഭാനു തിലക് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിധി. മൃഗങ്ങളെ ഏറ്റെടുക്കാന്‍ മനുഷ്യര്‍ മടിക്കരുതെന്നും വിവിധ ഭരണഘടനാസ്ഥാപനങ്ങള്‍ അത്തരമൊരു സ്പിരിറ്റ് സ്‌കൂള്‍ തലം മുതല്‍ക്കേ ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും കോടതി പറഞ്ഞു.