ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍; സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമായേക്കും
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രകൃതിക്ഷോഭ ദുരന്തമുണ്ടായത് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയേക്കും. കഴിഞ്ഞ വര്‍ഷം നേരിടേണ്ടി വന്ന മഹാപ്രളയത്തില്‍ 36,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ആദ്യപ്രളയത്തിന്റെ നഷ്ടത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളും പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തുടരുന്നതിനിടെയാണ് അതിവര്‍ഷക്കെടുതി വീണ്ടും കേരളത്തിന് കനത്ത ആഘാതമേല്‍പിക്കുന്നത്. ഈ വര്‍ഷം മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ പൂര്‍ണമായും തിട്ടപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ പ്രളയവും ജിഎസ്ടിയിലുണ്ടായ വീഴ്ച്ചകളും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. നികുതി വരുമാനം 30 ശതമാനം വര്‍ധിപ്പിക്കലാണ് സര്‍ക്കാര്‍ പരിഹാരമാര്‍ഗങ്ങളില്‍ ഒന്നായി കണ്ടിരിക്കുന്നത്. പലിശയും പിഴയും ഒഴിവാക്കി ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30വരെയാണ് അപേക്ഷാ സമയം.
നികുതിക്കുടിശ്ശിക പിരിച്ചെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. പിരിച്ചില്ലെങ്കില്‍ പദ്ധതിച്ചെലവ് കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട അവസ്ഥയുണ്ടാകും. സാധാരണ നികുതി പിരിവിനെ തന്നെ പ്രളയം ബാധിക്കുമ്പോഴാണ് കുടിശ്ശിക പിരിക്കല്‍ സര്‍ക്കാരിന് ദുഷ്‌കരമാകുന്നത്. 12,000 കോടി രൂപയാണ് നികുതി കുടിശ്ശികയിനത്തില്‍ കിട്ടാനുള്ളത്. ഈ കുടിശ്ശികയുടെ പകുതിയലധികവും തിരിച്ചുപിടിക്കാനാവില്ലെന്ന് കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. കുടിശ്ശിക വരുത്തിയവരില്‍ മിക്കവര്‍ക്കും ഇപ്പോള്‍ വ്യാപാരമോ ജപ്തി ചെയ്യാനുള്ള ആസ്തിയോ ഇല്ല. 5,000 കോടിയെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. പിരിച്ചെടുക്കാവുന്ന കേസുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാനൊരുങ്ങുകയാണ് നികുതിവകുപ്പ്.
2017ല്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ 70 കോടി രൂപ മാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്. നികുതി പിരിവ് ശക്തിപ്പെടുത്താന്‍ കഴിഞ്ഞവര്‍ഷം നടത്തിയ ശ്രമം പ്രളയം മുടക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് 2018 പ്രളയകാലം മുതല്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല.