‘മൃഗക്ഷേമ സര്‍ട്ടിഫിക്കറ്റിന് അഞ്ച് ലക്ഷം’; ശ്രീധരന്‍പിള്ളയെ വേദിയിലിരുത്തി കേന്ദ്രസ്ഥാപനത്തിന്റെ പിടിച്ചുപറി വെളിപ്പെടുത്തി രഞ്ജിത്ത്
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള വേദിയിലിരിക്കെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുണ്ടായ ദുരനുഭവം വിവരിച്ച് സംവിധായകന്‍ രഞ്ജിത്ത്. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസ് മദ്രാസില്‍ നിന്ന് ഫരീദാബാദിലേക്ക് മാറ്റിയതിനേത്തുടര്‍ന്ന് സിനിമാനിര്‍മ്മാതാക്കള്‍ പിടിച്ചുപറിയ്ക്ക് ഇരയാകുകയാണെന്ന് സംവിധായകന്‍ പറഞ്ഞു. ലണ്ടനിലെ കുതിരയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ആരോഗ്യ സാക്ഷ്യപത്രം ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചിട്ടും ഫരീദാബാദിലേക്ക് പറഞ്ഞയച്ചു. റിലീസ് തീയതി അടുത്തതിനാല്‍ പ്രിയപ്പെട്ട രംഗം കട്ട് ചെയ്ത് കളയേണ്ടി വന്നെന്നും രഞ്ജിത് വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഉപയോഗിച്ച മൃഗങ്ങള്‍ക്ക് ഒരു തരത്തിലുള്ള പരുക്കുകളും സംഭവിച്ചിട്ടില്ലെന്ന രേഖ നല്‍കലാണ് അവരുടെ കര്‍ത്തവ്യം. ഫരീദാബാദില്‍ ഇപ്പോള്‍ നടക്കുന്നത് പിടിച്ചുപറി അല്ലെങ്കില്‍ പകല്‍ കൊള്ളയാണ്. നിങ്ങള്‍ എന്ത് തരം രേഖകളുമായി പോയാലും അഞ്ച് ലക്ഷം മുതലാണ് കൈക്കൂലി. അത് വാങ്ങിയിട്ടേ ഈ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയുള്ളൂ.
രഞ്ജിത്
താന്‍ ലണ്ടനില്‍ ഷൂട്ട് ചെയ്ത സിനിമയില്‍ ഒരു ക്രിസ്ത്യന്‍ മരണവിലാപയാത്രയുടെ ഭാഗമായി കുതിരകളെ പൂട്ടിയ വണ്ടിയുണ്ടായിരുന്നു. ആ കുതിരകള്‍ക്ക് ആപത്ത് സംഭവിച്ചിട്ടില്ല എന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തിരുവനന്തപുരത്തെ സെന്‍സര്‍ബോര്‍ഡുകാര്‍ പറഞ്ഞു. ഉടമസ്ഥയായ സ്ത്രീ തന്നെയാണ് കുതിര വണ്ടി ഓടിച്ചിരുന്നത്. അവര്‍ക്ക് ഇമെയില്‍ അയച്ചു. എന്തു തരം യുക്തിയാണ് നിന്റെ നാടിനും സര്‍ക്കാരിനും ഉളളതെന്ന് മനസിലാകുന്നില്ലെന്ന് അവര്‍ പറഞ്ഞു. എന്റെ കുതിരകള്‍ സുരക്ഷിതരായി എന്റെ ഒപ്പം തന്നെയുണ്ട്. നിന്റെ സെന്‍സര്‍ ബോര്‍ഡിന് എന്താണിതില്‍ താല്‍പര്യമെന്നും ചോദിച്ചു. അവര്‍ മൃഗഡോക്ടറേക്കൊണ്ട് എഴുതിച്ച് നല്‍കിയ സാക്ഷ്യപത്രം തിരുവനന്തപുരത്ത് സെന്‍സര്‍ ബോര്‍ഡിനെ കാണിച്ചിട്ടും ഫലമുണ്ടായില്ല. ഫരീദാബാദില്‍ പോകണമെന്ന് പറഞ്ഞു. അതിനര്‍ത്ഥം അഞ്ച് ലക്ഷം മുതല്‍ അതിന് മുകളിലേക്കുള്ള തുക കൈക്കൂലി കൊടുക്കുക എന്ന് തന്നെയാണ്. ലണ്ടനിലെ രണ്ട് കുതിരകളുടെ ആരോഗ്യത്തിലുള്ള അതീവ ഉത്കണ്ഠ കൊണ്ടല്ല ഇത്. ഫരീദാബാദില്‍ ചെന്നപ്പോള്‍ ആദ്യത്തെ രണ്ട്-മൂന്ന് ദിവസം ഓഫീസില്‍ സ്റ്റാഫില്ല എന്ന് പറഞ്ഞു. റിലീസ് തീരുമാനിച്ച സിനിമയാണ്. വളരെ വേദനാപൂര്‍വ്വം കുതിരകള്‍ വരുന്ന ആ ഷോട്ട് വെട്ടിക്കളയേണ്ടി വന്നു. പ്രസിദ്ധ മലയാളി ആഡ് ഫിലിംമേക്കര്‍ പ്രകാശ് വര്‍മ ഇതിനേക്കുറിച്ച് സംസാരിച്ചു. ഇത്രയും നാള്‍ ഇന്ത്യയ്ക്ക് പുറത്തുള്ള ഷൂട്ടില്‍ മൃഗങ്ങളെ ഉപയോഗിച്ചാലും കുഴപ്പമില്ലായിരുന്നു. ഓഫീസ് ഫരീദാബാദിലേക്ക് മാറിയ ശേഷമാണ് പുതിയ സമ്പ്രദായമെന്ന് പ്രകാശ് വര്‍മ പറഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ പോയി സിംഹത്തെ ഷൂട്ട് ചെയ്താലും സാക്ഷ്യപത്രം വേണമെന്ന അവസ്ഥയായെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വേദിയില്‍ കിട്ടിയതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.