പരാതിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് നിര്‍ദ്ദേശമെന്നും രമ്യാ ഹരിദാസ്
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വനിതാ കമ്മീഷനില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആലത്തൂര്‍ നിയുക്ത എം പി രമ്യാ ഹരിദാസ്. പരാതിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് നിര്‍ദ്ദേശമെന്നും രമ്യാ ഹരിദാസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ നടത്തിയ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും ബാലന്‍.
മനോരമാ ന്യൂസിന്റെ നേരേ ചൊവ്വേയിലാണ് രമ്യാ ഹരിദാസ് പരാതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യാ ഹരിദാസ് ആദ്യം ഓടിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് കണ്ടത് കുഞ്ഞാലിക്കുട്ടിയെ ആണെന്നുമായിരുന്നു എ വിജയരാഘവന്‍ പറഞ്ഞത്. ഈ കുട്ടിയുടെ കാര്യം എന്താകുമെന്നറിയില്ലെന്നും പൊന്നാനിയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ എ വിജയരാഘവന്‍ പരിഹാസം കലര്‍ത്തി പറഞ്ഞിരുന്നു. എ വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തി വിജയരാഘവനെതിരെ രമ്യ പരാതി നല്‍കിയിരുന്നു. മോശമായി ഒന്നും ചിന്തിച്ചിട്ടില്ലെന്നായിരുന്നു എ വിജയരാഘവന്റെ വിശദീകരണം.
എല്‍ഡിഎഫിന്റെ ഉറച്ച മണ്ഡലമായ ആലത്തൂരില്‍ പികെ ബിജുവിനെയാണ് രമ്യാ ഹരിദാസ് ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചത്.