പൊലീസില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് പുനരധിവാസം; കീഴടങ്ങുന്നവര്‍ക്ക് ജോലിയും സ്‌റ്റൈപെന്‍ഡും നല്‍കാന്‍ ശുപാര്‍ശ

പൊലീസില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് പുനരധിവാസം; കീഴടങ്ങുന്നവര്‍ക്ക് ജോലിയും സ്‌റ്റൈപെന്‍ഡും നല്‍കാന്‍ ശുപാര്‍ശ
Published on

വയനാട്ടില്‍ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന്റെ പുനരധിവാസത്തിന് ശുപാര്‍ശ. കീഴടങ്ങിയ ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപെന്‍ഡും മറ്റ് ജീവനോപാധികളും നല്‍കാനാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ സമിതി ശുപാര്‍ശ നല്‍കിയത്.

സംസ്ഥാന സര്‍ക്കാര്‍ 2018ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസ നടപടികള്‍ നടപ്പാക്കാനൊരുങ്ങുന്നത്. സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരുന്ന മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കാനാണ് തീരുമാനം. തുടര്‍ന്ന് ഇവര്‍ക്ക് പുനരധിവാസം ഒരുക്കും.

വയനാട് ജില്ലയിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങള്‍ സായുധസമരത്തിന്റെ പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് തിരിച്ചുവരണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍ അഭ്യര്‍ത്ഥിച്ചു.

ഇത്തരത്തില്‍ മടങ്ങി വരാന്‍ താത്പര്യമുള്ള മാവോയിസ്റ്റുകള്‍ക്ക് ജില്ലാ പോലീസ് മേധാവിയേയോ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളേയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളേയോ ബന്ധപ്പെടാമെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും എസ്.പി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് പുല്‍പ്പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ സ്വദേശിയായ ലിജേഷ് എന്ന രാമു രമണ പൊലീസില്‍ കീഴടങ്ങിയത്. കബനി ദളത്തിലെ അംഗമായിരുന്നു ലിജേഷ്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രകാരം മുഖ്യധാരയിലെത്തുന്ന മാവോവാദികള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in