സംസ്ഥാനത്ത് റെഡ് അലേര്‍ട്ട്, കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും 

സംസ്ഥാനത്ത് റെഡ് അലേര്‍ട്ട്, കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും 

എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 
Published on

അതിശക്തമായ മഴയോടെ കാലവര്‍ഷമെത്തുമെന്നും മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും സംസ്ഥാനത്തിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ എട്ടിനാണ് കാലവര്‍ഷമെത്തുക. മറ്റന്നാള്‍ മുതല്‍ മഴ ശക്തമാകും. എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 10ന് തൃശ്ശൂരിലും 11 ന് മറ്റ് മൂന്ന് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്.

ജൂണ്‍ 7ന് തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടിന് തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും 9ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 10ന് കോട്ടയം, ഇടുക്കി, പാലക്കാട്, ജില്ലകലിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ ജൂണ്‍ 11 നാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വകുപ്പുകളോട് ആവശ്യപ്പെട്ടു. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തെത്തിയ കാലവര്‍ഷത്തെ അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദം തടയുകയാണ്. അന്തരീക്ഷച്ചുഴി ലക്ഷദ്വീപ് ഭാഗത്ത് രൂപം കൊള്ളാനിടയുണ്ടെന്നും അത് കാലവര്‍ഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.

logo
The Cue
www.thecue.in