വഖഫ് ബോര്‍ഡ് പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ സര്‍ക്കരിനെതിരെ വിമര്‍ശനവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍. വഖഫ് ബോര്‍ഡിനെ നന്നാക്കിനറങ്ങുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ബോര്‍ഡില്‍ നിന്നും എടുത്ത 56 ലക്ഷം ഇനിയും തിരിച്ചടച്ചിട്ടില്ലെന്നാണ് റഷീദലി ശിഹാബ് തങ്ങളുടെ വിമര്‍ശനം.
കോഴിക്കോട് വെച്ച് നടന്ന ഐ.എസ്.എം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിന്റെ പിതൃത്വം തന്റെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും റഷീദലി അരോപിച്ചു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത് റഷീദലി തങ്ങള്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എന്നായിരുന്നു കെ.ടി ജലീല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് നിഷേധിച്ച് നേരത്തെ തന്നെ റഷീദലി തങ്ങള്‍ രംഗത്ത് എത്തിയിരുന്നു.
കെ.ടി ജലീല്‍ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത് എന്നായിരുന്നു റഷീദി തങ്ങളുടെ വിശദീകരണം. യോഗത്തില്‍ അന്ന് തന്നെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
പിന്നീട് സെക്രട്ടറിയേറ്റ് ധര്‍ണ അടക്കം സംഘടിപ്പിച്ചിരുന്നുവെന്നും തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നവംബര്‍ എട്ടിനാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാനുള്ള ബില്‍ നിയമസഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതി പരിഗണിക്കാതെയാണ് നടപടി. ദേവസ്വം റിക്രൂട്ട്‌മെന്റ് പോലെ വഖഫ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം മന്ത്രി അബ്ദുറഹ്‌മാന്‍ തള്ളുകയായിരുന്നു.