ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്. അവതാരക രഞ്ജിനി ഹരിദാസുമൊത്തുള്ള ചിത്രവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയ്‌ക്കെതിരെയാണ് രഞ്ജിനി ജോസ് രംഗത്തെത്തിയത്.
ഇരുവരും ഒരുമിച്ചുള്ള ചിത്രത്തെ ലെസ്ബിയന്‍ പ്രണയം എന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചോ എന്ന തരത്തില്‍, സിനി ലൈഫ് എന്ന ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്തയ്‌ക്കെതിരെയാണ് രഞ്ജിനി വീഡിയോ പോസ്റ്റ് ചെയ്തത്.
നേരത്തെ പിന്നണി ഗായകന്‍ വിജയ് യേശുദാസുമായുള്ള ഫോട്ടോയെയും മോശമായി വ്യാഖ്യാനിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
എല്ലാത്തിനും അടിസ്ഥാനം ലൈംഗികതയാണോ? ഇത്രയും ഇടുങ്ങിയ ചിന്താഗതിയോട് കൂടിയാണോ നിങ്ങള്‍ വളര്‍ന്നിരിക്കുന്നത്.
ഒരു സുഹൃത്തിനെയോ ചേച്ചിയോ ഒക്കെ വെച്ച് ഇങ്ങനെ വൃത്തികേട് എഴുതുന്നതിന് ഒരു പരിധി ഇല്ലേ?. തീര്‍ച്ചയായും ഇതിനൊരു നിയമമുണ്ടാകണം. കാരണം ഒരുപാട് ആര്‍ടിസ്റ്റുകള്‍ ഇത്തരം കാര്യങ്ങളില്‍ മാനസികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും രഞ്ജിനി ജോസ് പറഞ്ഞു.
വൃത്തികേടെഴുതിയാല്‍ ഐപി അഡ്രസ് തേടി കണ്ടു പിടിച്ച് കേസ് കൊടുക്കും. വൃത്തികേട് എഴുതുന്നവര്‍ രണ്ട് തവണ ആലോചിച്ച് വേണം എഴുതാന്‍. എല്ലാവരുടെയും ക്ഷമയ്ക്ക് ഒരു പരിധിയുണ്ടെന്നും രഞ്ജിനി ജോസ് വീഡിയോയില്‍ പറഞ്ഞു.
രഞ്ജിനി ജോസിന്റെ വാക്കുകള്‍
നമ്മളൊക്കെ മനുഷ്യരാണ്. നമുക്ക് ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെയുള്ള സമയമാണ്. പ്രായമുള്ള രക്ഷിതാക്കളുണ്ട്.
അതിനിടയ്ക്ക് ഒരു ബന്ധവുമില്ലാതെ ഒരു കാര്യവുമില്ലാതെ നമ്മളെക്കുറിച്ച് തെറ്റായ കുറെ കഥകള്‍ വരുന്നത്. ശരിയാണ് വായിക്കുന്നവര്‍ക്ക് ഇതൊരു രസമാണ്. കാരണം സെലിബ്രിറ്റികളെക്കുറിച്ച് എന്തെങ്കിലും വൃത്തികേട് പറയുന്നത് ഒരു രസമുള്ള കാര്യമാണ്. അത് എഴുതുന്ന മഞ്ഞപത്രക്കാര്‍ക്ക് ആണെങ്കിലും വായിക്കുന്ന ഒരു പണിയും ഇല്ലാതിരിക്കുന്നവര്‍ക്കാണെങ്കിലും രസമുള്ള കാര്യമാണ്.
പക്ഷെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, എല്ലാവരും മനുഷ്യരാണ്. ഞാന്‍ എന്റെ സ്വകാര്യ ജീവിതം ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമില്‍ പറയുകയോ ഒന്നും ഇന്നേവരെ ചെയ്യാത്ത ഒരാളാണ്. എന്തിനാണ് കുറച്ച് മാസങ്ങളായി ഇങ്ങനെ ടാര്‍ഗെറ്റ് ചെയ്യുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല. ഒന്നു രണ്ട് പ്രാവശ്യം നമ്മള്‍ വിട്ടുകളയും.
ഇതിന് മുന്നെ ഒക്കെ വന്നപ്പോഴും കൂടെ നില്‍ക്കുന്നവര്‍ പറഞ്ഞു, അത്തരം വാര്‍ത്തകള്‍ വിട്ടേക്ക്. ഒന്നോ രണ്ടോ വാര്‍ത്തകള്‍ ഒക്കെയാണെങ്കില്‍ നമുക്ക് വിട്ട് കളയാം. പക്ഷെ ഇങ്ങനെ അല്ല ഇത്.
ഒരു ആണിന്റെ കൂടെ ഫോട്ടോ ഇടുമ്പോഴും അവന്‍ ഒരു ബര്‍ത്ത്ഡേ പോസ്റ്റില്‍ എന്നെ ടാഗ് ചെയ്യുമ്പോഴും ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുവാണെന്നും അല്ല അതിനര്‍ത്ഥം. അത് വിട്ടിട്ട് എന്റെ സ്വന്തം ചേച്ചി എന്ന് കരുതുന്ന ഒരു വ്യക്തിയുടെ കൂടെ സൗഹൃദ ദിനത്തില്‍ വന്ന ഒരു അഭിമുഖത്തില്‍, നിങ്ങള്‍ ഇനി വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് അവള്‍ ആരെയെങ്കിലും വിവാഹം കഴിക്കുന്നതിനെക്കുറിച്ചും ഞാന്‍ വേറെ വല്ലവരെയും വിവാഹം കഴിക്കുന്നതിനെപ്പറ്റിയും ഞങ്ങളുടെ രണ്ടുപേരുടെയും വിവാഹത്തെപ്പറ്റിയുള്ള നിലപാടാണ് പറഞ്ഞത്. ഉടനെ ഞങ്ങള്‍ രണ്ടുപേരും വിവാഹം വിവാഹം കഴിക്കുന്നു എന്നാക്കി അത്. എന്നിട്ട് സിനിലൈഫ് എന്ന മഞ്ഞപത്രത്തില്‍ ഞങ്ങള്‍ ലെസ്ബിയന്‍സ് എന്ന തരത്തില്‍ കണ്ടന്റും. ഈ ഹോമോസെക്ഷ്വാലിറ്റിയും ലെസ്ബിയനിസവുമൊക്കെ കേരളത്തില്‍ വളരെ പുതിയതായി വന്ന കണ്‍സെപ്റ്റ് ആയതുകൊണ്ട് കണ്ടിടത്ത് മുഴുവന്‍ അത് വാരിവിതറുവാണോ? നിങ്ങള്‍ അതിനെക്കുറിച്ച് അറിഞ്ഞത് വളരെ വൈകി ആണ് എന്നതുകൊണ്ട് ഇത് പറഞ്ഞുകൊണ്ട് നടക്കുകയാണോ?
നിങ്ങള്‍ക്ക് ചേച്ചിമാരും സുഹൃത്തുക്കളുമൊന്നുമില്ലേ? എല്ലാത്തിനും അടിസ്ഥാനം ലൈംഗികതയാണോ? ഇത്രയും ഇടുങ്ങിയ ചിന്താഗതിയോട് കൂടിയാണോ നിങ്ങള്‍ വളര്‍ന്നിരിക്കുന്നത്.
ഒരു സുഹൃത്തിനെയോ ചേച്ചിയോ ഒക്കെ വെച്ച് ഇങ്ങനെ വൃത്തികേട് എഴുതുന്നതിന് ഒരു പരിധി ഇല്ലേ?. തീര്‍ച്ചയായും ഇതിനൊരു നിയമമുണ്ടാകണം. കാരണം ഒരുപാട് ആര്‍ടിസ്റ്റുകള്‍ ഇത്തരം കാര്യങ്ങളില്‍ മാനസികമായി ബുദ്ധിമുട്ടുന്നുണ്ട്. പക്ഷെ പ്രതികരിച്ചുകഴിഞ്ഞാല്‍ ഇത് കൂടുതല്‍ ആളിക്കത്തും എന്നോര്‍ത്ത് മിണ്ടാതിരിക്കുന്നതാണ്. എനിക്ക് ഇത്രയും വൃത്തികേട് എഴുതുന്നതിനേക്കാള്‍ വലുതല്ല ഇതിനോട് പ്രതികരിക്കുന്നത്. എല്ലാവര്‍ക്കും ഇതില്‍ പ്രതികരിക്കാന്‍ പറ്റണം. നാട്ടുകാര്‍ക്കെങ്കിലും കുറച്ച് വിവരമുണ്ടാകണ്ടേ?. നിങ്ങള്‍ക്ക് എന്താണ് ഇതില്‍ നിന്ന് കിട്ടുന്നത്. ആളുകളെ ഇങ്ങനെ മാനസികമായി ചൂഷണം ചെയ്യുന്നത് നിങ്ങളുടെ നേര്‍ക്കാണെങ്കില്‍ നിങ്ങള്‍ക്ക് വിഷമമാകില്ലേ? അതുപോലെ തന്നെയല്ലേ ഞങ്ങളും. എന്തുകൊണ്ടാണ് ആ സമത്വം കാണാത്തത്. ഇതാണോ കേരളത്തിന്റെ സംസ്‌കാരം? ഇങ്ങനെ ഒക്കെ പണ്ട് എഴുതി വരുമായിരുന്നോ?
എഴുതുന്നതിന് എതിരായി ഒരു നിയമം തീര്‍ച്ചയായും വരണം. ഇത് എന്റെ നിലപാടാണ്. വൃത്തികേടെഴുതിയാല്‍ ഐപി അഡ്രസ് തേടി കണ്ടു പിടിച്ച് കേസ് കൊടുക്കും. വൃത്തികേട് എഴുതുന്നവര്‍ രണ്ട് തവണ ആലോചിച്ച് വേണം എഴുതാന്‍. എല്ലാവരുടെയും ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്.