കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഹോട്ടലില്‍ എത്തി ലോക്ക്ഡൗണ്‍ ലംഘനം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി രമ്യ ഹരിദാസ് എം.പി. ഹോട്ടലില്‍ ഇരുന്ന് താന്‍ ഭക്ഷണം കഴിച്ചുവെന്നാണ് ആരോപണമെങ്കില്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോ പുറത്തുവിടണമെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
അവിടെ ഇരുന്നു എന്നുള്ളത് സത്യമാണെന്നും സര്‍ജറി കഴിഞ്ഞ് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ കൂടുതല്‍ സമയം നില്‍ക്കാന്‍ കഴിയില്ലെന്നും രമ്യ ഹരിദാസ് ദ ക്യുവിനോട് പറഞ്ഞു.
''ഹോട്ടലില്‍ ഇരുന്ന് ഞാന്‍ ഭക്ഷണം കഴിച്ചുവെന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ കഴിച്ചതിന്റെ ഫോട്ടോ എവിടെയാണെന്നാണ് എന്റെ ചോദ്യം. അവിടെ ഇരുന്നു എന്നുള്ളത് സത്യമാണ്. എനിക്ക് സര്‍ജറി കഴിഞ്ഞ് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതുകൊണ്ട് തന്നെ അധികം സമയം നില്‍ക്കാന്‍ കഴിയില്ല. അതെല്ലാവര്‍ക്കും അറിയാം. സര്‍ജറിക്ക് ശേഷം എന്റെ കാല് ശരിയായി വരുന്നേ ഉള്ളൂ.
അവര്‍ കുറച്ച് നേരം എന്റെ കൂടെ തന്നെ അവിടെ ചുറ്റിപറ്റി നിന്നിരുന്നു. ഞാന്‍ ടോയ്‌ലറ്റില്‍ പോകുമ്പോഴൊക്കെ എന്റെ പുറകെ തന്നെയുണ്ട്. അത് കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് എന്നെ തട്ടിമാറ്റിയത്. അതുതന്നെ എന്റെ െൈക പിടിച്ച് വലിക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ അങ്ങ് മാറി. അപ്പോള്‍ എന്റെ കൂടെയുള്ളവര്‍ എല്ലാവരും ഇടപെട്ടു,'' രമ്യ ഹരിദാസ് പറഞ്ഞു.
മര്‍ദ്ദിച്ചുവെന്ന യുവാവിന്റെ ആരോപണത്തോടും രമ്യ ഹരിദാസ് പ്രതികരിച്ചു.
'ആ സമയത്ത് അവന് മര്‍ദ്ദനമൊന്നും കിട്ടിയിട്ടില്ല. വേറെവിടെ നിന്നെങ്കിലും കിട്ടിയോ എന്നത് അവനോട് തന്നെ ചോദിക്കണം. പുറത്ത്
മഴയായിരുന്നു. ഹോട്ടലിന് പുറത്ത് ഇരിക്കാന്‍ വേണ്ടി അവര്‍ മൂന്ന് കസേര വെച്ചിട്ടുണ്ട്. അതില്‍ നിറയെ മഴ പെയ്ത വെളളമായിരുന്നു.
ഞാന്‍ ഇടയ്ക്ക് പാര്‍സല്‍ വാങ്ങാന്‍ പോകുന്ന ഒരു ഹോട്ടലിലാണത്. അവിടെയുള്ള ഒരു കമ്പിയില്‍ കയറി പിടിച്ചാണ് ഞാന്‍ കയറി പോകാറ്. സ്വാഭാവികമായിട്ടും ഞാന്‍ നടക്കുന്നത് കണ്ടാല്‍ തന്നെ ആരും വേഗം ഇരുന്നോളാന്‍ പറയും. ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയവരുടെയും ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്തവരുടെയുമൊക്കെ നല്ല തിരക്കുണ്ടായിരുന്നു.
ഓര്‍ഡര്‍ ലഭിക്കാന്‍ ഏകദേശം അരമണിക്കൂറെങ്കിലും എടുക്കുമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് അവിടെ ഇരുന്നതും കുടെയുള്ളവരോട് സംസാരിച്ചതുമൊക്കെ. എനിക്ക് ഫുഡ് കഴിക്കണം എന്നുണ്ടായിരുന്നെങ്കില്‍ അവന് അതുവരെ കാത്തിരിക്കാമായിരുന്നല്ലോ,'' രമ്യ ഹരിദാസ് പറഞ്ഞു. പരാതിയുമായി മുമ്പോട്ട് പോകുന്നതടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടിയോട് ആലോചിക്കുന്നതേയുള്ളുവെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.