ഒരു വിദ്യാര്‍ത്ഥിയാണെന്ന പരിഗണ പോലും എംപി എനിക്ക് തന്നില്ല; ഞാനവരുടെ ദേഹത്ത് ഒരു ചെറുവിരലു പോലും തൊട്ടിട്ടില്ല
രമ്യ ഹരിദാസ് എം.പിയും വിടി ബല്‍റാം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആരോപണത്തില്‍ വിശദീകരണവുമായി വീഡിയോയെടുത്ത സനുഫ്.
ആരെയും ടാര്‍ഗറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എം.പി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളായതുകൊണ്ട് മാത്രമാണ് ചോദ്യം ചെയ്തതെന്നും സനുഫ് ദ ക്യുവിനോട് പറഞ്ഞു.
'' അവര്‍ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. ഞാനവരുടെ ദേഹത്ത് ഒരു ചെറുവിരലു പോലും തൊട്ടിട്ടില്ല. കൈയില്‍ കയറി പിടിച്ചുവെന്നാണ് എം.പി ഇപ്പോള്‍ പറയുന്നത്. അത് ശരിയല്ല.
ഞാന്‍ എംപിയെ ഫോളോ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്. അതും ശരിയല്ല. ഓര്‍ഡര്‍ വന്നത് കൊണ്ട് മാത്രമാണ് അവിടെ പോയത്. അതിന്റെ തെളിവുകളും എന്റെ കയ്യില്‍ ഉണ്ട്,'' സനുഫ് പറഞ്ഞു.
ജാതീയമായോ, ജെന്‍ഡര്‍പരമായോ എം.പിയെ ഞാന്‍ അധിക്ഷേപിച്ചിട്ടില്ല. വളരെ മര്യാദയോടെ കൂടി തന്നെയാണ് പെരുമാറിയത്. അത് ആ വീഡിയോയില്‍ കാണാനും സാധിക്കും. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളായതുകൊണ്ട് ഇത് ശരിയാണോ എന്ന ചോദ്യം ഉയര്‍ത്തിയെന്നേ ഉള്ളൂ.
എനിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. ആശുപത്രി രേഖകളെല്ലാം എന്റെ കൈവശം ഉണ്ട്. കയ്യിലുള്ള കെട്ടൊന്നും ആരെയും പറ്റിക്കാന്‍ ചെയ്തതല്ല. നല്ല വേദനയില്‍ തന്നെയാണ് സത്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ദിവസം വീഡിയോ ചെയ്തത്. മുഴുവന്‍ വീഡിയോ അപ് ലോഡ് ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ എനിക്കെതിരെ തിരിയുമെന്ന പേടിയുമുണ്ടായിരുന്നു. വാദിയെ പ്രതിയാക്കുകയാണ് രമ്യഹരിദാസ് എം.പി ചെയ്യുന്നതെന്നും സനുഫ് പറഞ്ഞു.