ഐഫോണ്‍ വിവാദത്തില്‍ യുണീടാക്ക് എംഡി സന്തോഷ് ഈപ്പന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് തനിക്ക് ഫോണ്‍ നല്‍കിയെന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയുകയോ അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് ആവശ്യം. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയും കുറഞ്ഞത്. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മാധ്യമങ്ങളിലെങ്കിലും ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്യണം. അല്ലാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്തോഷ് ഈപ്പനും തമ്മില്‍ ബന്ധമുണ്ട്. ഇതാണ് ആരോപണത്തിന് പിന്നിലെന്നും രമേശ് ചെന്നിത്തല പറയുന്നു. ഇപ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ അന്വേഷണത്തിന് തടസമുണ്ടെന്നായിരുന്നു മറുപടി. ഇതോടെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സ്വപ്‌ന ആവശ്യപ്പെട്ടപ്രകാരം അഞ്ച് ഐഫോണുകള്‍ വാങ്ങി നല്‍കിയെന്നും ഇതിലൊന്ന് പ്രതിപക്ഷനേതാവിന് കൊടുത്തെന്നുമായിരുന്നു സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശം. സിബിഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച അപേക്ഷയിലായിരുന്നു ഇത്തരത്തില്‍ പരാമര്‍ശമുള്ളത്. എന്നാല്‍ കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ ലക്കി ഡിപ്പിലെ വിജയികള്‍ക്ക് ഐഫോണ്‍ സമ്മാനിക്കാവശ്യപ്പെട്ടപ്രകാരം അതു നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും, കൈപ്പറ്റിയിട്ടില്ലെന്നും രമേശ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിരുന്നു.