പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഐഎന്‍ടിയുസിയെ ഇളക്കിവിടാന്‍ മാത്രം ചീപ്പല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഡി സതീശനെതിരായ ഐഎന്‍ടിയുസി പ്രതിഷേധത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തന്നെ അറിയാവുന്ന ആരും അത് വിശ്വാസിക്കില്ലെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നത്. തനിക്ക് ഒരു പദവി വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പദവി തരാമെന്ന് തന്നോടും ആരും പറഞ്ഞിട്ടില്ല. തന്റെ പദവി ജനങ്ങളുടെ മനസിലാണ്. എന്നും ജനങ്ങളില്‍ വിശ്വാസമുള്ളയാളാണ് താന്‍. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസില്‍ തനിക്കൊരു സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
തന്നെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. പാര്‍ട്ടിയുടെ എല്ലാ കാര്യത്തിലും നേതൃത്വവുമായി യോജിച്ചുകൊണ്ട് മുന്നില്‍ തന്നെയുണ്ട്. സ്ഥാനം വേണമെന്ന പ്രശ്‌നമേയില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പരിപൂര്‍ണ പിന്തുണ അതിന് ലഭിക്കുന്നുണ്ട്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനാണ്. പാര്‍ട്ടിയെ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകാന്‍ സോണിയാഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും കഴിയുമെന്നാണ് തന്റെ പൂര്‍ണ വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന വിഡി സതീശന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതെല്ലാം കെപിസിസി നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.