തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒരു കാലത്തും അത്തരം ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും എപ്പോഴും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ ചിന്താഗതി ഉള്ള സഭയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. കോണ്‍ഗ്രസ് രാഷ്ട്രീയ പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. സി.പി.ഐ.എം രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സഭ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെയാണ് എല്‍.ഡി.എഫ് നിര്‍ത്തിയതെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ട്. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന തരത്തില്‍ നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല പ്രതികരണവുമായി രംഗത്തെത്തിയത്.
രമേശ് ചെന്നിത്തലയുടെ വാക്കുകള്‍
എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതിനെ സംബന്ധിച്ച് വളരെ വ്യാപകമായ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിക്കകത്തും പുറത്തുമുണ്ട്. ഞങ്ങള്‍ ഒരിക്കലും വിചാരിക്കുന്നില്ല സഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന്. അങ്ങനെ ഒരിക്കലും സഭ ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല. കത്തോലിക്ക സഭ എപ്പോഴും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാലമായ ചിന്താഗതി ഉള്ള ഒരു സഭയാണ്. അങ്ങനെ ഒരിക്കലും അവര്‍ ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന യാതൊരു വിശ്വാസവും ഞങ്ങള്‍ക്കില്ല. അത് നിക്ഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന പ്രചരണമാണ്.
രാഷ്ട്രീയ പോരാട്ടത്തിനാണ് ഞങ്ങള്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ രാഷ്ട്രീയ പോരാട്ടത്തിന് സി.പി.ഐ.എം തയ്യാറല്ല. രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറുണ്ടോ എന്ന് ഞങ്ങള്‍ വെല്ലുവിളിക്കുന്നു. തയ്യാറാകുമായിരുന്നെങ്കില്‍ അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുമായിരുന്നു.