‘അമിത് ഷായും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസം’; യുഎപിഎ കേസില്‍ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല
യുഎപിഎ വിഷയത്തില്‍ ഇതാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പേരില്‍ യുഎപിഎ ചുമത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവരുടെയും മാതാപിതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തി. വിഷയം വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. പന്തീരാങ്കാവ് യുഎപിഎ കേസിനെ രാഷ്ട്രീയവിഷയമായല്ല യുഡിഎഫ് കാണുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്. താനും ആഭ്യന്തരമന്ത്രിയായിരുന്നു. യുഎപിഎ കേസിനെക്കുറിച്ച് വ്യക്തമായി അറിയാം. അലനും താഹയും മാവോയിസ്റ്റുകളാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
യുഎപിഎ വിഷയത്തില്‍ ഇതാണ് നിലപാടെങ്കില്‍ അമിത് ഷായും പിണറായി വിജയനും തമ്മില്‍ എന്താണ് വ്യത്യാസം. രണ്ട് സര്‍ക്കാരും തമ്മില്‍ എന്താണ് വ്യത്യാസം. യുഎപിഎ ചുമത്തുന്ന കേസുകളെല്ലാം എന്‍ഐഎ ഏറ്റെടുക്കാറില്ല. ഈ കേസില്‍ അങ്ങനെ സംഭവിക്കാന്‍ കാരണം സര്‍ക്കാര്‍ നിലപാടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേസില്‍ യുഎപിഎ ചുമത്താന്‍ തക്ക തെളിവെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. ഇത് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കോഴിക്കോട്ട് ആവശ്യപ്പെട്ടു.