'ബിരിയാണി ചെമ്പ് കൊണ്ട് മൂടിയാലും സത്യം പുറത്തുവരും'; സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല

'ബിരിയാണി ചെമ്പ് കൊണ്ട് മൂടിയാലും സത്യം പുറത്തുവരും'; സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല
Published on

സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും. മുഖ്യമന്ത്രിക്കുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയായി. ബിരിയാണി ചെമ്പ് കൊണ്ട് മൂടി വെക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തുടക്കത്തില്‍ തന്ന കേന്ദ്ര സര്‍ക്കാര്‍ അന്വേഷണവുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ ഈ സത്യങ്ങളൊക്കെ അന്നേ പുറത്തു വരുമായിരുന്നു. എന്നാല്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍ കൂട്ടുകച്ചവടം നടന്നത് കൊണ്ടാണ് അന്ന് ഒന്നും പുറത്തു വരാതിരുന്നത് എന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നായിരുന്നു സ്വപ്‌ന സുരേഷ് എറണാകുളം കോടതിയില്‍ രഹസ്യ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്‍, നളിനി നെറ്റോ ഐ.എ.എസ്, മുന്‍ മന്ത്രി കെടി ജലീല്‍ എന്നിവരെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു സ്വപ്‌നയുടെ ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in