ന്യൂദല്‍ഹി: പതഞ്ജലി ഉടമ ബാബ രാംദേവിനെതിരെ നിയമനടപടിക്കൊരുങ്ങി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊറോണ വൈറസ് വന്ന് മരിച്ചതിലും കൂടുതല്‍ ആളുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സയിലാണ് മരിച്ചതെന്ന പ്രസ്താവനയില്‍ ബാബാ രാംദേവ് മാപ്പ് പറയണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.
രാംദേവ് പൊതുമധ്യത്തില്‍ മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്നും ഐ.എം.എയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നു. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ളതാണ് രാംദേവിന്റെ പ്രസ്താവനയെന്നും ഐ.എം.എ കുറ്റപ്പെടുത്തി.
സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോയില്‍ ബാബാ രാംദേവ് ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സയിലാണെന്ന് പറഞ്ഞിരുന്നു. അലോപതി ഒരു വിഡ്ഢിത്തമാണെന്നും രാംദേവ് വീഡിയോയില്‍ പറയുന്നുണ്ട്.
രാംദേവിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാകണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അലോപ്പതി ചികിത്സയെകുറിച്ചുള്ള രാംദേവിന്റെ പ്രസ്താവ അദ്ദേഹവും അംഗീകരിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്നും ഐ.എം.എ കൂട്ടിച്ചേര്‍ത്തു.