പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബദലാകാന്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്ന് വിവരിച്ച് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. എന്‍ഡിടിവിയില്‍ എഴുതിയ ലേഖനത്തില്‍ അഞ്ച് കാരണങ്ങളാണ് പ്രധാനമായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പതിനാറ് വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ പ്രധാനമായും അഞ്ച് പോരായ്മകള്‍ എടുത്ത് കാണിക്കുമെന്ന് രാമചന്ദ്ര ഗുഹ പറയുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രാഹുല്‍ തെരഞ്ഞെടുക്കുന്ന മുദ്രാവാക്യങ്ങളും പ്രമേയങ്ങളും അദ്ദേഹത്തിന് രാഷ്ട്രീയ ജ്ഞാനമില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് ഒന്നാമത്തെ കാരണമായി രാമചന്ദ്ര ഗുഹ പറയുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരെ 'ചൗക്കിദാര്‍ ചോര്‍ ഹേ' മുദ്രാവാക്യം ഉന്നയിച്ചതിലൂടെ വലിയ തെറ്റാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നും അദ്ദേഹം പറയുന്നു. ബോഫേഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട പ്രധാനമന്ത്രിയുടെ മകനാണ് ഈ മുദ്രാവാക്യം ഉന്നയിച്ചത്. ഇതിന് പകരം 2014ല്‍ വാഗ്ദാനം ചെയ്ത അച്ഛേ ദിന്‍ എവിടെയെന്ന ചോദ്യമായിരുന്നു തുടര്‍ച്ചയായി ഉന്നയിക്കേണ്ടിയിരുന്നതെന്നും രാമചന്ദ്ര ഗുഹ പറയുന്നു.
രാഹുല്‍ ഗാന്ധി പൊതു നിസ്സംഗനായ പ്രഭാഷകനാണെന്നതാണ് രണ്ടാമത്തെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍ ഏറ്റവും വ്യാപകമായി മനസിലാകുന്ന ഭാഷയായ ഹിന്ദിയില്‍ പ്രാവീണ്യമില്ലാത്തത് അദ്ദേഹത്തെ നിസ്സംഗ പ്രഭാഷകനാക്കുന്നു. ഇത് വടക്കേ ഇന്ത്യയിലെ സാധാരണ ജനങ്ങളില്‍ നിന്നും അദ്ദേഹത്തെ അകറ്റുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് മൂന്ന് തവണ എംപിയായിട്ടും ഹിന്ദിയില്‍ തുടര്‍ച്ചയായി സംസാരിക്കാന്‍ കഴിയാത്തതും തിരിച്ചടിയായി.
മൂന്നാമത്തേത്, അദ്ദേഹത്തിന് ഭരണപരമായ അനുഭവം ഇല്ല എന്നതാണ്. രാഷ്ടീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പോ അതിന് ശേഷമോ ഒരു സ്ഥിരതയുള്ള ജോലി രാഹുല്‍ ഗാന്ധി ചെയ്തിട്ടില്ലെന്നും രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്നു.
രാഹുല്‍ ഗാന്ധിക്ക് പ്രാപ്തിയും, നിര്‍ബന്ധബുദ്ധിയുമില്ലെന്ന് നാലാമത്തെ കാരണമായി രാമചന്ദ്ര ഗുഹ പറയുന്നു. പലപ്പോഴും രാഹുല്‍ ഗാന്ധി പൊതുവേദിയില്‍ നിന്ന് ആഴ്ചകളോളം അപ്രത്യക്ഷനായിട്ടുള്ളതും ഉദാഹരണമായി പറയുന്നു.
ആരുടെ മകനാണെന്നോ പേരക്കുട്ടിയാണെന്നോ ചോദിക്കാതെ, നേതാക്കളോട് നിങ്ങള്‍ എന്താണ് ചെയ്തതെന്ന് ചോദിക്കുന്ന 21-ാം നൂറ്റാണ്ടിലെ ജനങ്ങള്‍ക്കിടയിലേക്ക് രാജകീയ പരിവേഷമുള്ളയാളെ പോലെയാണ് രാഹുല്‍ വരുന്നതെന്ന് അഞ്ചാമത്തെ കാരണമായി രാമചന്ദ്ര ഗുഹ പറയുന്നു.
ശക്തമായി തിരിച്ചുവരവു നടത്താനും, കേന്ദ്രത്തില്‍ അധികാരം നേടാനും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ രണ്ട് കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും രാമചന്ദ്ര ഗുഹ പറയുന്നു. ആദ്യം കോണ്‍ഗ്രസിനെ നയിക്കാന്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. ഒരു കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നേതാക്കളെയും ഗ്രൂപ്പുകളെയും തിരിച്ച് പാര്‍ട്ടിയിലെത്തിക്കാന്‍ 'ഗര്‍ വാപസി' സംഘടിപ്പിക്കുകയാണ് രണ്ടാമത് ചെയ്യേണ്ടതെന്നും രാമചന്ദ്ര ഗുഹ പറയുന്നു.