'അറിഞ്ഞിരുന്നില്ല, അറിഞ്ഞപ്പോള്‍ ക്ഷുഭിതനായി', കാസര്‍ഗോഡ് കല്യാണപ്പോസ്റ്റില്‍ വധുവിനെ ഉള്‍പ്പെടുത്തി രാജ്മോഹന്‍ ഉണ്ണിത്താന്‍

'അറിഞ്ഞിരുന്നില്ല, അറിഞ്ഞപ്പോള്‍ ക്ഷുഭിതനായി', കാസര്‍ഗോഡ് കല്യാണപ്പോസ്റ്റില്‍ വധുവിനെ ഉള്‍പ്പെടുത്തി രാജ്മോഹന്‍ ഉണ്ണിത്താന്‍
Published on

മഞ്ചേശ്വരത്ത് മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ സിനാന്റെയും സഹോദരന്‍ ഷഫീഖിന്റെയും വിവാഹ ഫോട്ടോ ഫേസ്ബുക്ക് പേജില്‍ വീണ്ടും പങ്കുവെച്ച് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇവരുടെ ഭാര്യമാരുടെ ചിത്രം അടക്കം ഉള്‍ക്കൊളളിച്ചാണ് പുതിയ ചിത്രം നല്‍കിയിരിക്കുന്നത്.

അഡ്മിന്‍ പാനല്‍ ആണ് ഫോട്ടോ വീണ്ടും ഇടുന്നതെന്ന് പ്രത്യേകം വിശദീകരണവും നല്‍കിയിട്ടുണ്ട്. ബഹുമാനപ്പെട്ട എം.പി യുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിന്‍വലിച്ചിരുന്നു, ഇതില്‍ ക്ഷുഭിതനായ അദ്ദേഹം നല്‍കിയ ശക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വധു വരന്മാരുടെ അടക്കം മുഴുവന്‍ ഫോട്ടോയും ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നുവെന്നാണ് എം.പിയുടെ അഡ്മിന്‍ പാനലിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പങ്കുവെച്ച പോസ്റ്റ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പലതവണ മാറ്റിയെഴുതിയ പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെ രംഗത്തെത്തിയിരുന്നു.

മുസ്ലിം വിവാഹ ചടങ്ങുകളേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും തന്നെ ഉണ്ടാവാന്‍ ഇടയില്ലാത്ത സംശയങ്ങളാണ് ആ ചിത്രത്തിന് കമന്റുകളായി എത്തിയതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. വ്യാപകമായ രീതിയില്‍ വരന്മാരെ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴാണ് ആ പോസ്റ്റിനൊപ്പമുള്ള കുറിപ്പില്‍ മാറ്റം വരുത്തിയത്. ഒടുവില്‍ പോസ്റ്റ് തന്നെ നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

കാസര്‍ഗോഡ് ഒരു മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ജില്ലയാണ്. മുസ്ലിം കല്യാണത്തിന് നിക്കാഹും കല്യാണവും വേറെയായാണ് നടക്കുന്നത്. നിക്കാഹ് വേദിയിലെത്തിയ സമയത്ത് മണവാട്ടിമാര്‍ ഡ്രസ് മാറാനായി പോയിരിക്കുകയായിരുന്നു. രണ്ട് മണിക്ക് ഓഡിറ്റോറിയം വിടേണ്ടതാണ് അവര്‍ തനിക്കായി കാത്ത് നില്‍ക്കുകയായിരുന്നു. മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ താന്‍ വരന്മാര്‍ക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും ഒപ്പം ചിത്രങ്ങളെടുത്ത് മടങ്ങിപ്പോയി. സമൂഹമാധ്യമങ്ങളില്‍ വിവാഹത്തിനെടുത്ത ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.

കാസര്‍കോഡ് കല്യാണങ്ങളെ കുറിച്ച് അറിയാവുന്നവര്‍ക്ക് അറിയാം, അവിടെ വിവാഹം ദിവസങ്ങള്‍ നീളുന്ന പരിപാടിയാണ്. വീടുകളില്‍ നടക്കുന്ന റസപ്ഷനിലാണ് മണവാട്ടികളുടെ ചിത്രം വരാറ്. അല്ലെങ്കില്‍ പോട്ടെ അത് രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള വിവാഹമാണെങ്കില്‍ എന്താണ് കുഴപ്പമെന്നും, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കുറേ മനോരാഗികളാണ് ഇതൊക്കെ ഹൈലൈറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in