രാജ്കുമാറിനെ ആശുപത്രിയിലെത്തിച്ചത് മരിച്ച് ഒരുമണിക്കൂറിന് ശേഷം; പീരുമേട് ജയില്‍ അധികൃതരുടെ വാദം നുണയെന്ന് മൊഴി
നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പീരുമേട് ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു. രാജ്കുമാറിനെ എത്തിച്ചത് മരണം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണെന്ന് പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ആനന്ദ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മൊഴി നല്‍കി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്നും സൂപ്രണ്ട് ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് രാജ്കുമാറിന് ജീവനുണ്ടായിരുന്നു എന്നാണ് പീരുമേട് ജയില്‍ ഉദ്യോഗസ്ഥര്‍ വാദിച്ചിരുന്നത്.
രാജ്കുമാറിനെ ആദ്യം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവശനിലയിലായിരുന്നുവെന്നും ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും പീരുമേട് ആശുപത്രി സൂപ്രണ്ട് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഡോക്ടര്‍ ആംബുലന്‍സില്‍ കയറിയാണ് രാജ് കുമാറിനെ പരിശോധിച്ചതെന്ന് സൂപ്രണ്ട് പറഞ്ഞു. എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത രീതിയില്‍ അവശനായിരുന്നു രാജ്കുമാര്‍.കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.
ജയിലില്‍ നിന്നും രാജ് കുമാറിനെ ആശുപത്രിയിലെത്തിച്ചത് നടക്കാനാവാത്ത സ്ഥിതിയിലാണെന്ന് തെളിയിക്കുന്ന ആശുപത്രി രേഖകളും പുറത്ത് വന്നിരുന്നു. തുടയുടെ മുകള്‍ ഭാഗത്ത് ക്ഷതവും നീരുമുണ്ടെന്നാണ് ഇതിലുള്ളത്. രണ്ട് കാലിലും കാല്‍ പാദത്തിലും നീരുണ്ടായിരുന്നു. ഇരുകാലുകളും ചലിപ്പിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ലെന്നും ആശുപത്രി രേഖകളിലുണ്ട്.
ഗുരുതരാവസ്ഥയിലായിട്ടും രാജ്കുമാറിനെ വിദഗ്ധ ചികിത്സ നല്‍കാതെ ജയിലിലേക്ക് തന്നെ കൊണ്ടു പോവുകയായിരുന്നു. താലൂക്കാശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലും കാണിച്ചു. തൊട്ടടുത്ത ദിവസം മാത്രമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയത്.